കാർഷിക കലണ്ടറും കുട്ടനാടൻ കൃഷിയും

കാർഷിക കലണ്ടറും കുട്ടനാടൻ കൃഷിയും

കുട്ടനാടിന്റെ പാരിസ്ഥിതിക സംരക്ഷണത്തെയും കാർഷിക മേഖലയിലെ പ്രതിസന്ധികളെയും കുറിച്ച് വളരെ സജീവമായ ചർച്ചകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ആരംഭിച്ച സേവ് കുട്ടനാട് എന്ന കാമ്പയിൻ, ഇന്ന് മുഖ്യധാരാ മാധ്യമങ്ങളും വിവിധ സാമുദായിക സംഘടനകളും കുട്ടനാട്ടിലെ സാധാരണക്കാരും ഏറ്റെടുത്തുകഴിഞ്ഞു. കാർഷിക മേഖലയുമായി ബന്ധപ്പെട്ടു നടക്കുന്ന പല ചർച്ചകളിലും കുട്ടനാടിന് ഒരു കാർഷിക കലണ്ടർ ഉണ്ടാകണമെന്ന് പലരും ആവശ്യമുന്നയിക്കുന്നുണ്ട്. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികൾ പോലും കാർഷിക കലണ്ടർ വേണമെന്ന് വാദിക്കുന്നു.

എന്താണ് കാർഷിക കലണ്ടർ? ഇത് കൃഷിയ്ക്കാവശ്യമാണോ? കാർഷിക കലണ്ടർ നിലവിലുണ്ടോ? തുടങ്ങിയ കാര്യങ്ങളാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.

കാർഷിക കലണ്ടർ നിലവിലുണ്ടോ?
രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാ​ഗമായി, കുട്ടനാട് അന്തർദേശീയ കായൽകൃഷി ​ഗവേഷണ പരിശീലന കേന്ദ്രം തയ്യാറാക്കി, 2020 ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്ത കാർഷിക കലണ്ടർ നിലവിലുണ്ട്. ഡോ. കെ. ജി പത്മകുമാറാണ് കലണ്ടർ നിർദ്ദേശങ്ങൾ രൂപകൽപ്പന ചെയ്തത്. കുട്ടനാട്ടിലെ 1270 പാടശേഖരങ്ങളിൽ 990 വയലുകളിലെ കൃഷിരീതി പഠനവിധേയമാക്കിയാണ് കലണ്ടർ തയ്യാറാക്കിയത്. ഇതുമായി ബന്ധപ്പെട്ട് കർഷർക്ക് ശിൽപ്പശാലയും നടത്തിയിരുന്നു. അശാസ്ത്രീയമായ കൃഷിരീതികൾ മൂലം തണ്ണീർമുക്കം ബണ്ടിന്റെ പ്രവർത്തനം ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരമായാണ് കാർഷിക കലണ്ടർ ആവിഷ്കരിച്ചിരിക്കുന്നത്. കുട്ടനാടിന്റെ കൃഷിയും പരിസ്ഥിതിയും തണ്ണീർമുക്കം ബണ്ടിന്റെ പ്രവർത്തനവുമായി പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. ആസൂത്രിതമായ കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിലൂടെ കൂടുതൽ കാലം ബണ്ട് തുറന്നിടാൻ കഴിയും.

കലണ്ടറും കൃഷിനാശവും
തണ്ണീർമുക്കം ബണ്ടിന്റെ നിർമ്മാണ ലക്ഷ്യം കുട്ടനാടിന്റെ കാർഷിക തീവ്രത വർദ്ധിപ്പിക്കുക എന്നതായിരുന്നു. എന്നാൽ അച്ചടക്കമില്ലാത്ത കൃഷിരീതി, കൃഷിക്കാലം നീട്ടിക്കൊണ്ടുപോവുകയും ബണ്ട് കൂടുതൽകാലം അടഞ്ഞുകിടക്കുന്നതിന് കാരണമാവുകയും ചെയ്തു. ഇത് കുട്ടനാട്ടിൽ വലിയ പാരിസ്ഥിതിക ആഘാതങ്ങൾ സൃഷ്ടിച്ചു. വർഷകാലത്തെ കൃഷി മൊത്തം ഭൂവിസ്തൃതിയുടെ മുപ്പത് ശതമാനത്തിലധികമാകുന്നത് പലപ്പോഴും വെള്ളപ്പൊക്ക ഭീഷണിക്ക് കാരണമാകാറുണ്ട്. കാർഷിക കലണ്ടർ കർശനമായി പ്രാവർത്തികമാക്കിയാൽ വർഷകാല കൃഷി വിസ്തൃതിയിൽ കൃത്യമായ നിയന്ത്രണം കൊണ്ടുവരാനാകും. അതേസമയം ​ഗുണമേന്മയുള്ള വിത്ത് കൃത്യസമയത്ത് എത്തിക്കാത്തതും വെള്ളം വറ്റിക്കാനുള്ള വൈദ്യുതി വിതരണത്തിന്റെ തടസ്സവും അനുബന്ധ കാര്യങ്ങളുമാണ് കൃഷി തുടങ്ങാൻ താമസിക്കുന്നതെന്ന് കർഷകർ പറയുന്നു.

കാർഷിക കലണ്ടർ: 6 മേഖലകൾ
ഭൂപ്രകൃതിയുടെ പ്രത്യേകതകൾ അനുസരിച്ച് കുട്ടനാടിനെ 6 മേഖലകളായി തിരിച്ചാണ് കലണ്ടർ വിഭാവനം ചെയ്തിരിക്കുന്നത്. ലോവർ കുട്ടനാട്, അപ്പർ കുട്ടനാട്, വടക്കൻ കുട്ടനാട്, വൈക്കം കരി, പുറക്കാട് കരി, കായൽ പ്രദേശം എന്നിവയാണ് ആറുമേഖലകൾ. രണ്ടു കൃഷിചെയ്യുന്ന പാടശേഖരങ്ങളിൽ ഒക്ടോബറിൽ പുഞ്ചകൃഷിയാരംഭിച്ച് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിളവെടുക്കാവുന്ന രീതിയിലാണ് കലണ്ടർ ക്രമപ്പെടുത്തിയിരിക്കുന്നത്.

കാർഷിക കലണ്ടർ പരിഷ്കരിക്കണോ?
2018 ലെ മഹാപ്രളയത്തിനുശേഷം കുട്ടനാട്ടിലെ ആവാസ വ്യവസ്ഥയിലും കാർഷിക രീതികളിലം ഭൂപ്രകൃതിയിലും പതിവുകളിലുമെല്ലാം വലിയ മാറ്റങ്ങൾ സംഭവിച്ചു. പുഞ്ചക്കൊയ്ത്ത് കഴിഞ്ഞാൽ രണ്ടാംകൃഷി എന്ന രീതി മഹാപ്രളയം മാറ്റിയെഴുതി. വിതച്ചതെല്ലാം അന്ന് പ്രളയം കൊണ്ടുപോയി. പിന്നീടുള്ള വർഷങ്ങളിലെല്ലാം ശരാശരി 60-70 ശതമാനം മാത്രമാണ് കൊയ്തെടുക്കാനായത്. ഇവയ്ക്കൊരു പരിഹാരമായാണ് കാർഷിക കലണ്ടർ വിഭാവനം ചെയ്തതെങ്കിലും കർഷകർ, കലണ്ടറിലെ നിർദ്ദേശങ്ങൾ പൂർണ്ണമായി പിന്തുടരുന്നില്ല. അതിന് വിവിധ കാരണങ്ങൾ കർഷക പ്രതിനിധികൾ പങ്കുവയ്ക്കുന്നുണ്ട്. കൃഷിവകുപ്പ്, കർഷകരുമായി ചർച്ചചെയ്ത് ആവശ്യമായ ഭേദ​ഗതികളോടെ കാർഷിക കലണ്ടർ അവതരിപ്പിച്ചാൽ അച്ചടക്കമുള്ള കൃഷിരീതിക്കും പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കും സഹായകമാകും.

കൃഷിയിലെ കാലദൈർഘ്യം
ആദ്യകാലങ്ങളിൽ രണ്ടു വർഷത്തിൽ ഒരു കൃഷിയെന്ന നിലയിൽ ആരംഭിച്ച പഴനിലകൃഷി പിൽക്കാലത്ത് വർഷത്തിലൊരു കൃഷിയായും ക്രമേണ രണ്ടു കൃഷിയായും മാറി. മാത്രമല്ല, രണ്ടു കൃഷിയുള്ളിടത്ത് ദീർഘകാല മൂപ്പുള്ള വിത്തിനങ്ങൾ ഉപയോ​ഗിച്ചത് കാർഷികവൃത്തിയുടെ കാല​ദൈർഘ്യം വർദ്ധിപ്പിച്ചു. ഒരു വിളയ്ക്ക് ഹൃസ്വകാല മുപ്പുള്ള കൃഷി പ്രോത്സാഹിപ്പിക്കുന്നത് വഴി സമയബന്ധിതമായ വിളവെടുപ്പ് സാധ്യമാകും. 105 ​ദിവസം മൂപ്പുള്ള നെല്ലിനങ്ങൾക്ക് പകരം 120 ദിവസത്തെ മൂപ്പുള്ള നെല്ലിനങ്ങൾ കൃഷിചെയ്യാൻ തുടങ്ങിയതോടെ കാല​ദൈർഘ്യം വർദ്ധിക്കുകയും ബണ്ട് കൂടുതൽ കാലം അടച്ചിടേണ്ട സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു.

കലണ്ടറും മത്സ്യകൃഷിയും
നെൽകൃഷി പോലെതന്നെ കുട്ടനാടിന്റെ സമ്പദ് വ്യവസ്ഥയിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് മത്സ്യസമ്പത്ത്. ജലസമൃദ്ധമായ കുട്ടനാട്ടിലെ മത്സ്യോൽപ്പാദനം, തണ്ണീർമുക്കം ബണ്ടിന്റെ പ്രവർത്തനം മൂലം പ്രതികൂലമായി ബാധിച്ചു. കീടനാശിനികളും രാസവളങ്ങളും വിസർജ്യ വസ്തുക്കളും ചേർന്നുണ്ടാകുന്ന ജലമലിനീകരണം, കായലിലെ പ്രധാന വിഭവമായ കക്കയുടെ വംശനാശത്തിനും ആറ്റുകൊഞ്ചിന്റെ തകർച്ചയ്ക്കും കണ്ടൽക്കാടുകളുടെ തിരോധാനത്തിനും ജലകളകളും കുളവാഴകളും അനിയന്ത്രിതമായി പെരുകുന്നതിനും മത്സ്യരോ​ഗങ്ങൾക്കും കാരണമായി.

തണ്ണീർമുക്കം ബണ്ട് കേവലം 90 ദിവസം മാത്രമടച്ചിടാനാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ നാലുപതിറ്റാണ്ടു കാലത്തെ തണ്ണീർമുക്കം ബണ്ടിന്റെ പ്രവർത്തനം വിലയിരുത്തിയാൽ, ബണ്ട് അടച്ചിടുന്ന കാലയളവ് ശരാശരി 122 ദിവസമാണെന്ന് മനസ്സിലാക്കുന്നു. കായലിന്റെ ജൈവവൈവിധ്യ സംരക്ഷണത്തിനും ഉയർന്ന ജൈവ മലിനീകരണം നിയന്ത്രിക്കുന്നതിനും കൂടുതൽ കാലം ബണ്ട് തുറന്നിടുന്നത് അനിവാര്യമാണ്. ഇതുവരെ നടന്നിട്ടുള്ള എല്ലാപഠനങ്ങളും മത്സ്യസമ്പത്ത് ​ഗണ്യമായി കുറഞ്ഞിട്ടുണ്ട് എന്നാണ് തെളിയിക്കുന്നത്. ഇതുമൂലം മത്സ്യബന്ധനം ജീവിതമാർ​​ഗമാക്കിയവരുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്. കുട്ടനാട്ടിലാകമാനം പുന:ക്രമീകരിച്ചുള്ള, കാർഷിക കലണ്ടർ പാലിക്കുന്നതു വഴി കാർഷികോൽപ്പാദനം വർദ്ധിക്കുക മാത്രമല്ല, മത്സ്യകൃഷിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെടുകയും കുട്ടനാടൻ പാരിസ്ഥിതിക സന്തുലനം പുന:സ്ഥാപിക്കപ്പെടുകയും ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.