മാലിക് സിനിമയുടെ രാഷ്ട്രീയ പ്രാധാന്യം ക്രൈസ്തവ വീക്ഷണത്തില്‍

മാലിക് സിനിമയുടെ രാഷ്ട്രീയ പ്രാധാന്യം  ക്രൈസ്തവ വീക്ഷണത്തില്‍

വലതുപക്ഷ രാഷ്ട്രീയ രംഗത്തും മുസ്ലീം സമൂഹത്തിലുമൊക്കെ ഒരുപാട് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയ സിനിമയാണ് മഹേഷ്‌ നാരായണന്‍ സംവിധാനം നടത്തി ആന്റോ ജോസഫ് നിർമ്മിച്ച ഫഹദ് ഫാസില്‍, വിനയ് ഫോര്‍ട്ട്‌, നിമിഷ സജയന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘മാലിക്’ സിനിമ.

വിവാദങ്ങള്‍ എന്തൊക്കെയാണങ്കിലും  കഴിഞ്ഞ കുറേ വർഷങ്ങളായി സലഫിസ്റ്റ്-വാഹാബിസ്റ്റ് ശക്തികൾ പൊതുസമൂഹത്തിൽ തങ്ങളുടെ സ്വാധീനം വ്യക്തമാക്കാനായി നടത്തുന്ന കലാ സാംസ്കാരിക മേഖലകളിലെ ചില ഇടപെടലുകളും പ്രവണതകളും (സംഘപരിവാറുകാരും ചില ക്രൈസ്തവ സംഘടനകളും സിനിമാജിഹാദ് എന്ന് വിശേഷിപ്പിക്കുന്ന കാര്യംതന്നെ) വ്യക്തമായ ദിശയിൽ പോയിക്കൊണ്ടിരുന്നതിനിടയില്‍ കിട്ടിയ വലിയൊരു അടിയായി 'മാലിക്ക്' സിനിമയെ കണ്ടാൽ മതി. കേരള മുസ്ലീം സമൂഹത്തിൽ വളരെ ന്യുനപക്ഷം വരുന്ന സലഫി-വാഹാബി വിഭാഗങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന കപട-പുരോഗമനത്തിൽ പൊതിഞ്ഞ 'പൊളിറ്റിക്കൽ ഇസ്ലാമിന്റെ' യഥാർത്ഥ മുഖം എസ് ഡി പിഐയിലൂടെ പലതവണ കേരളം കണ്ടതാണ്.

പൊതുരാഷ്ട്രീയ രംഗത്ത് വെൽഫയർ പാർട്ടിയിലൂടെയും സോളിഡാരിറ്റിയിലൂടെയുമൊക്കെ ഇക്കൂട്ടര്‍ ഔദ്യോഗിക മുഖം കാണിക്കുമ്പോൾ തന്നെ മറുവശത്ത് പൊതുരാഷ്ട്രീയത്തിൽ തങ്ങളുടെ ആളുകളെ തിരുകികയറ്റാനും ശ്രദ്ധിക്കുന്നുണ്ട്. അങ്ങനെ മുസ്ലീം ലീഗ് മുതൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ വരെ ഇന്ന് സലഫിസം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് സലഫിസത്തെ ചെറുത്തു നിന്ന മുസ്ലീം ലീഗ് ഇപ്പോള്‍ സലഫികളുടെ പിന്തുണ കൂടാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്ന അവസ്ഥയിലാണ്. അധികം കാലതാമസം കൂടാതെ മുസ്ലീം ലീഗിന്റെ നേതൃത്വം പാണക്കാട്ടുകാരെ പുറത്താക്കി ജമാ അത്തെയും, മുജാഹിദ്ദീനും കൈയ്യേറുമെന്ന് ഏതാണ്ടുറപ്പായി. പാണക്കാട്ടെ ഇളമുറക്കാരൻ 'ഹാഗിയ സോഫിയ' വിഷയത്തിൽ ആഹ്‌ളാദം പങ്കുവെച്ച് ചന്ദ്രികയിൽ എഴുതിയ ലേഖനം തന്നെയാണ് ഇതിന് ഏറ്റവും നല്ല തെളിവ്!.

ഇനി മാലിക്കിലേക്ക്:
2009 ബീമാപള്ളി വെടിവെപ്പും കടലോര ക്രൈസ്തവ സമൂഹവും മാലിക്കിന്റെ കഥയിൽ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നതൊഴികെ ഈ സിനിമയ്ക്ക് ചരിത്രപരമായ പ്രാധാന്യം നൽകേണ്ട കാര്യമില്ല. അതുകൊണ്ട് തന്നെ പല രാഷ്ട്രീയക്കാരും ചൂണ്ടികാണിക്കുന്ന ആക്ഷേപങ്ങളില്‍ കഴമ്പൊന്നുമില്ല. മൂന്നു വ്യക്തികളുടെ അനുഭവങ്ങളിലൂടെ മുന്നോട്ടു പോകുന്ന കഥാവതരണത്തില്‍ ചിത്രത്തെ യഥാര്‍ത്ഥ സംഭവങ്ങളുമായി എവിടെയൊക്കെയോ ബന്ധപ്പെടുത്തിയിരിക്കുന്നു എന്ന് മാത്രം. നല്ലൊരു ഫിക്ഷൻ എന്ന നിലയില്‍ മാത്രം ഈ സിനിമയെ കണ്ടാല്‍ മതിയാകും. എന്നാല്‍ കലാസൃഷ്ടി എന്നതിലുപരി അതിലെ രാഷ്ട്രീയം ക്രൈസ്തവ നിരീക്ഷകരും എഴുത്തുകാരും കാണാതെ പോകരുത്.. ആദ്യം തന്നെ പറഞ്ഞതുപോലെ, വാരിയന്‍കുന്നനില്‍ എത്തി കയറ്റമിറങ്ങി പോകാന്‍ പോയ പൊളിറ്റിക്കല്‍ ഇസ്ലാമിസത്തിന്റെ സിനിമാ ജിഹാദിനെ തടഞ്ഞുനിര്‍ത്തി ചെകിട്ടത്തൊരു അടി കൊടുത്ത 'സിനിമാ രാഷ്ട്രീയം' തന്നെയാണ് മാലിക്കിലേത്.

കഥയുടെ ഇതിവൃത്തത്തില്‍ ക്രൈസ്തവ വിശ്വാസത്തിനു യോജിക്കാത്തതോ, സാമുദായികമായി ദഹിക്കാത്തതോ ആയ പലതും ഉണ്ടാവാം. പക്ഷെ ഇടതുപക്ഷ ചായ്‌വ് ഉള്ള മഹേഷ്‌ നാരായണന്റെ സിനിമയില്‍ കാണുന്ന വ്യക്തമായ ഇടതുപക്ഷ രാഷ്ട്രീയമാണ് നമ്മള്‍ മനസിലാക്കേണ്ടത്. ഒപ്പം ഇനി സിനിമയിലെ രാഷ്ട്രീയ കഥാഖ്യാനങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്നും കണ്ടറിയണം. സലഫിസത്തിന്റെ വളര്‍ച്ചയും അത് പൊതുസമൂഹത്തില്‍ ഉണ്ടാക്കുന്ന ഇമ്പാക്റ്റും ഈ സിനിമ വ്യക്തമായി ചിത്രീകരിക്കുന്നുണ്ട് എന്നതിലാണ് ഈ സിനിമയുടെ പ്രാധാന്യം. സുന്നി-സൂഫി മതപാരമ്പര്യവും യെമനി സെയിദ് ഷിയാ സാംസ്ക്കാരിക പാരമ്പര്യവുമുള്ള കേരളത്തിലെ പരമ്പരാഗത മുസ്ലീം സമൂഹത്തെ ശുദ്ധീകരണം നടത്താനായി ഇറങ്ങിതിരിച്ച സലഫികള്‍ പുരോഗമനത്തില്‍ പൊതിഞ്ഞ കടുത്ത യാഥാസ്ഥിക ചിന്തകളാണ് യഥാര്‍ത്ഥത്തില്‍ മുന്നോട്ടുവെയ്ക്കുന്നത്.

രണ്ടു തവണ ഇന്ത്യയില്‍ നിരോധിക്കപ്പെട്ട സംഘടനയായ ജമാ അത്തെ ഇസ്ലാമി ഇഹിന്ദും, പ്രാരംഭകാലത്ത് തന്നെ പുരോഗമന രചനകളില്‍ ഒന്നാന്തരം ഹിപ്പോക്രസി ദൃശ്യമായ വാഹാബികളുടെ മുജാഹിദ്ദീനും, സിമിയിലൂടെയും മുസ്ലീം സംഘടനകളിലൂടെയുമൊക്കെ കേരളത്തില്‍ വേരുറപ്പിച്ച എ സ് ഡി പിഐ ഉള്‍പ്പെടുന്ന സലഫിസം, സമൂഹത്തിന്റെ സമസ്ത മേഖലകളിലുമുള്ള ഇസ്ലാമികവത്ക്കരണം എന്ന ലക്ഷ്യവുമായി ഏതാനും കാലങ്ങളായി കേരളത്തില്‍ ശക്തമായ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ബാബറി മസ്ജിദ് വിഷയം പരമാവധി ചൂഷണം ചെയ്ത സലഫിസ്റ്റുകള്‍ ജോസഫ് മാഷിന്റെ വിഷയത്തില്‍ 'ഞങ്ങളിവിടെ ഉണ്ട്' എന്ന വ്യക്തമായ സന്ദേശം കേരള പൊതുസമൂഹത്തിന് നല്‍കിയ ശേഷം നമ്മുടെ പൊതുരാഷ്ട്രീയത്തില്‍ തന്നെ ഔദ്യോഗികമായി അവതാരപിറവിയെടുത്ത് മുന്നോട്ടുപോകുകയാണ്. ഈ 'പൊളിറ്റിക്കല്‍ ഇസ്ലാമിസത്തിന്റെ' പ്രോപ്പഗേഷനാണ് സിനിമാ ജിഹാദിലൂടെ ഇവര്‍ മുന്നോട്ടു വെയ്ക്കുന്നത്. അതിനെതിരെ വ്യക്തമായ സന്ദേശം നല്‍കാന്‍ ഇടതുപക്ഷ ചിന്തകര്‍ക്കും കലാകാരന്മാര്‍ക്കും കഴിഞ്ഞെങ്കില്‍ അത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

സിനിമയില്‍ ദിലീഷ് പോത്തന്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തെ സലഫിസത്തിന്റെ വക്താക്കളും ഫഹദ് ഫാസിലും സലിം കുമാറും അവതരിപ്പിച്ച കഥാപാത്രങ്ങളെ പരമ്പരാഗത കേരളീയ മുസ്ലീം സമൂഹവുമായി കണ്ടാല്‍ ഇതിലെ രാഷ്ട്രീയവും സാമൂഹികവുമായ പ്രാധാന്യം ബോധ്യപ്പെടും.

ഇവിടെ സാധാരണ ജനസമൂഹത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണി ഉയര്‍ത്തുന്ന പൊളിറ്റിക്കല്‍ ഇസ്ലാമിന് എതിരെ ഒരു ‘പൊളിറ്റിക്കല്‍ ക്രിസ്റ്റ്യാനിറ്റി’ നിര്‍മ്മിക്കേണ്ട ആവശ്യം ഉണ്ടാകുന്നില്ല. പകരം ഇടതുപക്ഷ ചിന്തകരും കലാകാരന്മാരും ഫലപ്രദമായി ഈ പ്രവണതകളെ നേരിടാന്‍ സജ്ജമാണങ്കില്‍ (അവരുടെ ആശയങ്ങള്‍ സഭയുടെ അടിസ്ഥാന വിശ്വാസത്തിനു വിരുദ്ധമാണങ്കില്‍ കൂടി) സാമുദായിക കിടമത്സരങ്ങള്‍ക്ക് ഇടനല്‍കാതെ രാഷ്ട്രീയ തലത്തില്‍ തന്നെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും എന്നുള്ളത് നല്ല കാര്യമാണ്. ഇവിടെ വലതുപക്ഷത്തിന്റെ നിഷ്ക്രിയാവസ്ഥയും മുസ്ലീം ലീഗിന്റെ രാഷ്ട്രീയ പാപ്പരത്തവുമാണ് പ്രധാന വെല്ലുവിളി. എന്തായാലും ഒരു ‘കൌണ്ടര്‍ പൊളിറ്റിസം ’ നിലവില്‍ ക്രൈസ്തവരെ സംബന്ധിച്ച് തീര്‍ത്തും അനാവശ്യവുമാണ്‌.

മത-സാമുദായിക വിഭാഗങ്ങള്‍ക്ക് നിയമനിര്‍മ്മാണത്തിലും ഭരണത്തിലും ഇടപെടാനുള്ള എല്ലാ അവകാശങ്ങളും ഭരണഘടനാ നല്‍കുന്നുണ്ടങ്കിലും സ്വതന്ത്രമായ ജനാധിപത്യ പ്രക്രിയയെ മാനിച്ചുകൊണ്ട് ഭരണഘടനാമൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ‘രാഷ്ട്രത്തിന്റെ മനസാക്ഷി’ എന്ന സഭയുടെ വ്യക്തമായ നിലപാട് സ്വീകരിക്കുന്നതാണ് ഉചിതം. അതിനു കടകവിരുദ്ധമായ പൊളിറ്റിക്കല്‍ ആക്റ്റിവിസം സഭയ്ക്കും രാജ്യത്തിനും ഒരേപോലെ അപകടമാണ് എന്നത് അടുത്തിടെ കത്തോലിക്ക സഭയില്‍, പ്രത്യേകിച്ച് സീറോമലബാര്‍ സഭയില്‍, ഉണ്ടായ വിഷയങ്ങളില്‍ നിന്നും നമുക്ക് മനസിലാക്കാവുന്നതാണ്. സഭാതലവനു നേരേയുണ്ടായ വ്യാജ ആരോപണങ്ങളും വിവാദങ്ങളും സൃഷ്ടിച്ച വിമതവിഭാഗങ്ങള്‍ എന്നറിയപ്പെടുന്ന സഭയ്ക്കുള്ളില്‍ തന്നെയുള്ള ഒരു വിഭാഗം സഭയുടെ അടിസ്ഥാന വിശ്വാസസംഹിതകളെ തന്നെ കാറ്റില്‍ പറത്തി മുന്നോട്ടുപോയപ്പോള്‍ അവര്‍ക്ക് പിന്തുണയായി വിഘടനവാദികളായ ചില തീവ്രഇടതുപക്ഷ പ്രസ്ഥാനങ്ങളും, പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വക്താക്കളായ ജമാ അത്തെ ഇസ്ലാമിയും ഹൈക്കോടതി വളപ്പിലും മറ്റും ആക്രോശങ്ങളുമായി നിറഞ്ഞുനിന്നു. ‘സത്യം’ മാത്രം പറയുന്ന പ്രമുഖ വിമത മുഖപത്രത്തില്‍ വിമത ആശയങ്ങളായി വന്നവയില്‍ പലതിലും ഇത്തരത്തിലുള്ള തീവ്രഇടതുപക്ഷ ചിന്തകള്‍ മുതല്‍ മുജാഹിദ്ദീന്‍ ദാവാപ്രസംഗകര്‍ മുന്നോട്ട് വെയ്ക്കുന്ന ചില വിശ്വാസസംബന്ധിയായ ആശയങ്ങളും കാണുവാന്‍ കഴിയും. ഈ വിമതര്‍ സമാന്തരമായി ഒരുതരം ‘പൊളിറ്റിക്കല്‍ ക്രിസ്റ്റ്യാനിറ്റി’ വളര്‍ത്തുവാന്‍ ശ്രമിച്ചുകൊണ്ട്‌ പൊതുവിഷയങ്ങളില്‍ പലതിലും ഇടപെടാനും ശ്രമിച്ചു. ഈ വിമത പ്രവര്‍ത്തനങ്ങളുടെ മറവില്‍ നടപ്പാക്കാന്‍ ശ്രമിച്ച ‘ചര്‍ച്ച് ബില്‍’ സഭയെ അടിമുടി രാഷ്ട്രീയവത്ക്കരിക്കുവാനുള്ള വ്യക്തമായ അജണ്ടയായിരുന്നു. വിമതരെ പിന്തുണച്ചുകൊണ്ട് ജമാ അത്തെയുടെ ‘മാധ്യമം’ സഭയുടെ പൗരോഹിത്യത്തിനും അടിസ്ഥാന വിശ്വാസങ്ങള്‍ക്കും എതിരെ നടത്തിയ ആക്രോശങ്ങളും കണ്ടില്ലെന്നു നടിക്കാനാവില്ല. 2014ല്‍ കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ജമാ അത്തെ ഇസ്ലാമിക്ക് മറ്റു തീവ്ര മതസംഘടനകളുമായും, തീവ്ര ഇടതുപക്ഷ സംഘടനകളുമായും ബന്ധമുണ്ട് എന്ന് സൂചിപ്പിച്ചതിനു അടിവരയിടുന്നതാണ് ഈ വിഷയങ്ങളൊക്കെ. അതുകൊണ്ട് പൊളിറ്റിക്കല്‍ ഇസ്ലാമിസത്തിനു എതിരെ സഭയില്‍ ഒരു കൌണ്ടര്‍ പൊളിറ്റിക്കല്‍ ആക്റ്റിവിസം ഉടലെടുക്കുന്നത് സഭയ്ക്കും രാജ്യത്തിനും ഒരുപോലെ അപകടകരമാണ്.

ഇനി സംഘപരിവാറും സയണിസ്റ്റ് ആഭിമുഖ്യമുള്ള ചില ക്രൈസ്തവരും പാകുന്ന അന്ധമായ സാമുദായിക വിദ്വേഷം വാസ്തവത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാമിസത്തിനു നല്ല വളക്കൂറുള്ള മണ്ണാണ് എന്നതു കൂടി മനസിലാക്കണം. കാരണം തങ്ങള്‍ക്കെതിരെ വരുന്ന എല്ലാ ശരങ്ങളും കേരളത്തിലെ മുഴുവന്‍ മുസ്ലീം സമൂഹത്തെയും ബാധിക്കുന്നതാണ് എന്ന് ചിത്രീകരിച്ചുകൊണ്ട് മുസ്ലീം സമൂഹത്തെ പൊതുസമൂഹത്തില്‍ ഒറ്റപ്പെടുത്തുകയും അരക്ഷിതാവസ്ഥ വളര്‍ത്തി ഇവരുടെ ആശയങ്ങള്‍ സാവധാനം അവരില്‍ കുത്തിവെയ്ക്കുകയുമാണ് ചെയ്യുന്നത്. ഇതിന്റെ ആദ്യ ഭാഗമാണ് ജോസഫ് സാറിന്റെ വിഷയത്തിലൂടെ അവര്‍ നടപ്പാക്കിയതും പിന്നീട് ലവ് ജിഹാദ്, തീവ്ര ഹലാല്‍ സംസ്ക്കാരം എന്നിവയിലൂടെ ഒക്കെ ഇപ്പോള്‍ നടപ്പാക്കികൊണ്ടിരിക്കുന്നതും.

അതുകൊണ്ട് ക്രൈസ്തവ രാഷ്ട്രീയ നിരീക്ഷകരും, എഴുത്തുകാരുമൊക്കെ മാലിക്കിനെ നമ്മുടെ കലാ സാംസ്ക്കാരിക രാഷ്ട്രീയ മേഖലയിലെ ഒരു പ്രധാന നാഴികകല്ലായി നോക്കികണ്ട് തല്‍ക്കാലം നിശബ്ദരായി ഇരുന്ന് ഇനിയുള്ള ഡെവലപ്പ്മെന്റുകള്‍ എന്തൊക്കെയാണ് എന്ന് സസൂഷ്മം നിരീക്ഷിക്കുന്നതാണ് നല്ലത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.