മാത്യു മലേപ്പറമ്പിലച്ചന്‍: മലയാളക്കരയുടെ സ്വന്തം വൈദിക ശാസ്ത്രജ്ഞന്‍

മാത്യു മലേപ്പറമ്പിലച്ചന്‍: മലയാളക്കരയുടെ സ്വന്തം വൈദിക ശാസ്ത്രജ്ഞന്‍

ശാസ്ത്ര വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ. ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ പന്ത്രണ്ടാം ഭാഗം.

ശാസ്തജ്ഞര്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ നമ്മില്‍ പലരും യൂറോപ്പിലേക്കാണ് ശ്രദ്ധ തിരിക്കുന്നത്. നമ്മുടെ നാട്ടിലെ ശാസ്തജ്ഞരെ നാം പലപ്പോഴും വേണ്ടപോലെ അംഗീകരിക്കുന്നില്ല. കത്തോലിക്കരായ ശാസ്ത്രജ്ഞരില്‍ കേരളീയനായ ആളാണ് മാത്യു മലേപ്പറമ്പില്‍ അച്ചന്‍. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിത്യതയിലേക്ക് വിളിക്കപ്പെട്ട അച്ചന്റെ ജീവിതം ഏവര്‍ക്കും പ്രചോദനാത്മകമാണ്.

കത്തോലിക്കാസഭ ശാസ്ത്രത്തിനുവേണ്ടി എന്തുചെയ്തു എന്ന് പലരും ചോദിക്കുന്ന നമ്മുടെ നാട്ടില്‍ നമ്മുടെ കൃഷി രീതികള്‍ ആധുനികവത്കരിക്കാന്‍ യത്‌നിച്ച അച്ചന്റെ ജീവിതം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അദ്ദേഹത്തിന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

1951 ഫെബ്രുവരി നാലിന് പാലായ്ക്കടുത്തുള്ള എഴാച്ചേരി എന്ന ഗ്രാമത്തിലാണ് മാത്യു മലേപ്പറമ്പിലച്ചന്‍ ജനിക്കുന്നത്. അതേ ഗ്രാമത്തില്‍ത്തന്നെ തന്റെ പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. ഹൈസ്‌കൂള്‍ പഠനം രാമപുരം സ്‌കൂളില്‍ ചെയ്തു. പാലാ രൂപതക്കായി വൈദികപഠനം ആരംഭിച്ച അദ്ദേഹം 1975 ഡിസംബര്‍ 21 ന് പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു. 1981 ല്‍ ബോട്ടണിയില്‍ എം എസ് സി പാസായി. 1988 ല്‍ കാലിക്കട്ട് സര്‍വകലാശാലയില്‍ നിന്ന് ബോട്ടണിയില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി.

അദ്ദേഹത്തിന്റെ അധ്യാപന ജീവിതം ആരംഭിക്കുന്നത് കുറവിലങ്ങാട് ദേവമാതാ കോളേജിലാണ്. 1984 മുതല്‍ 1989 വരെ അദ്ദേഹം അവിടെ പഠിപ്പിച്ചു. തുടര്‍ന്ന് 1989 മുതല്‍ 2006 വരെ പാലാ സെന്റ് തോമസ് കോളേജില്‍ അധ്യാപകനായിരുന്നു. 2001 ല്‍ സെന്റ് തോമസ് കോളേജിന്റെ പ്രിന്‍സിപ്പല്‍ ആയി. പിന്നീട് 2006 ല്‍ അദ്ദേഹം ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളി ക്രോസ് കോളേജിന്റെ പ്രിന്‍സിപ്പല്‍ ആയി. ഇത്തരത്തില്‍ ഒരു നല്ല വൈദികനും, അധ്യാപകനും, ശാസ്ത്രജ്ഞനും, സംഘാടകനും എല്ലാമായിരുന്നു മാത്യു മലേപ്പറമ്പിലച്ചന്‍. 2015 മാര്‍ച്ച് 22നു 64 വയസിലാണ് അദ്ദേഹം മരണമടയുന്നത്.

ഒരു കര്‍ഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചു വളര്‍ന്നത്. അതുകൊണ്ടാവണം കൃഷിയോടും ജീവലോകത്തോടുമൊക്കെ അദമ്യമായ താല്‍പര്യം ഉണ്ടായത്. കേരളത്തിലെ കാര്‍ഷിക മേഖലയില്‍ ടിഷ്യു കള്‍ച്ചര്‍ പുതിയ തരംഗം സൃഷ്ടിക്കുന്ന കാലത്താണ് അദ്ദേഹം ഈ വിഷയത്തില്‍ അഗാധമായ പാണ്ഡിത്യം നേടുന്നത്.

ഇരുപതാം നൂറ്റാണ്ടില്‍ ബയോ ടെക്‌നോളജിയുടെ സഹായത്തോടെ കൃഷിയും കൃഷിമാര്‍ഗങ്ങളും പുതിയ വഴികള്‍ തേടിയപ്പോള്‍ അതിനോടനുബന്ധിച്ച ശാസ്ത്രാന്വേഷണങ്ങളുടെ മുന്‍പന്തിയില്‍ തന്നെ മാത്യു മലേപ്പറമ്പിലച്ചന്‍ ഉണ്ടായിരുന്നു. ഒരു ചെടിയില്‍ നിന്നും അനേകം തൈകള്‍ രൂപപ്പെടുത്താനുള്ള മാര്‍ഗം അദ്ദേഹം കണ്ടെത്തി.

ഇത് തന്റെ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം അദ്ദേഹം പകര്‍ന്നു നല്‍കി. നല്ല ആരോഗ്യമുള്ളതും മികച്ച ഫലം കായ്ക്കുന്നതുമായ വാഴത്തൈകള്‍ ഉണ്ടാക്കാന്‍ അദ്ദേഹത്തിന്റെ പഠനങ്ങള്‍ ഏറെ സഹായിച്ചു. വാഴത്തൈകളുടെ നിര്‍മാണത്തില്‍ ഒരു പ്രത്യേക നൈപുണ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു.

1998 മുതല്‍ 2014 വരെ അദ്ദേഹം അഖില കേരള പ്രൈവറ്റ് കോളേജ് മാനേജ്മന്റ് അസോസിയേഷന്‍ സെക്രട്ടറി ആയിരുന്നു. ഇക്കാലത്ത് കോളേജ് ക്യാമ്പസുകളില്‍നിന്ന് രാഷ്ട്രീയത്തിന്റെ അതിപ്രസരം ഒഴിവാക്കാന്‍ കൈക്കൊണ്ട ധീരമായ നടപടികള്‍ വളരെ ശ്രദ്ധേയമാണ്. പ്രൈവറ്റ് കോളേജ് മാനേജ്മന്റ്കളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ക്കുവേണ്ടി അദ്ദേഹം അഹോരാത്രം യത്‌നിച്ചു.

രാഷ്ട്രീയപാര്‍ട്ടികളാല്‍ പ്രേരിതമായ പഠിപ്പുമുടക്കുകള്‍ ക്യാമ്പസ് ജീവിതങ്ങളുടെ വഴിതെറ്റിച്ചിരുന്ന കാലത്തു കേരള ഹൈക്കോടതിയില്‍നിന്നു വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസത്തിനും അനുകൂലമായ വിധി നേടിയെടുത്തു. Rev. Dr. Mathew Maleparambil v/s State of Kerala & Others എന്നാണ് ഈ കേസിന്റെ പേര്. 2008 ഓഗസ്റ്റ് 11 നാണ് ചരിത്രപ്രസിദ്ധമായ ഈ വിധി കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്.

New York Academy of Science, International Society of Banana Research and Production (INIBAD), American Association for Advanced Sciences എന്നീ അന്താരാഷ്ട്ര സമിതികളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അംഗത്വം രാജ്യാന്തര തലത്തില്‍ അദ്ദേഹം കൈവരിച്ച പ്രശസ്തിയുടെ നിദര്‍ശനമാണ്. 'ബയോ ടെക്‌നോളജി ഉത്ഭവം വളര്‍ച്ച വികാസം' എന്ന ഒരു ഗ്രന്ഥം 2010 ജനുവരിയില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. ശാസ്ത്രത്തിന്റെ അറിവുപയോഗിച്ചു ജീവശാസ്ത്ര മേഖലയില്‍ പ്രായോഗിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ രീതികള്‍ അക്ഷരങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും ഈ പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നു.

ശാസ്ത്രപഥം എന്ന ശാസ്ത്ര മാസികയുടെ പത്രാധിപരെന്നനിലയില്‍ അറിവിനെ പ്രണയിക്കുന്ന അനേകായിരം കുരുന്നു മനസുകളെ വിജ്ഞാനത്തിന്റെ അനന്തവിഹായസിലേക്ക് ഉയര്‍ത്തി വിടാന്‍ അദ്ദേഹത്തിന് സാധിച്ചു.

മാത്യു മലേപ്പറമ്പിലച്ചന്‍ നമുക്കെല്ലാം മാതൃകയാണ്. വിശ്വാസവും പഠനവും അന്വേഷണവും പൊതുജീവിതവുമെല്ലാം എങ്ങനെ ഒരുമിപ്പിച്ചു കൊണ്ടുപോകാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അദ്ദേഹം. ഈ മാതൃക ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാന്‍ നമുക്കും ശ്രമിക്കാം.

അടുത്ത ലക്കം: യൂജിന്‍ ലഫോണ്ട്






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.