ഇന്ന് ഫാദേഴ്സ് ഡേ

ഇന്ന് ഫാദേഴ്സ് ഡേ

ഏതൊരു കുട്ടിയുടെയും ജീവിതത്തിലെ ആദ്യത്തെ റോള്‍ മോഡല്‍, ഗൈഡ്, സൂപ്പര്‍ഹീറോ, സുഹൃത്ത്, സംരക്ഷകന്‍ എന്നിവയെല്ലാമാണ് പിതാവ്. ജീവിതത്തിന്റെ ശരിയായ മൂല്യം പഠിപ്പിക്കുകയും കഷ്ടതകളില്‍ തളരുമ്പോള്‍ കൈത്താങ്ങാവുകയും വീണ്ടും പോരാടാനുള്ള ശക്തി നല്‍കുകയും ചെയ്യുന്നവരാണ് അവര്‍. നമുക്കുവേണ്ടി പിതാവ് ചെയ്യുന്ന ത്യാഗം ഒരിക്കലും വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയില്ല.

ഇന്ന് ലോകം മുഴുവന്‍ ഫാദേഴ്സ് ഡേ ആഘോഷിക്കുകയാണ്. ഇങ്ങനെയൊരു ദിനം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും മുമ്പൊന്നും ഈ ദിനത്തിന് വലിയ പ്രചാരണമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അങ്ങനെയല്ല. ലോകം മുഴുവന്‍ പിതാവിനായി ആഘോഷിക്കുകയാണ്. ഇങ്ങനെയൊരു ദിനം തുടങ്ങിയതിന് പിന്നില്‍ അമേരിക്കക്കാരിയായ സൊനോര സ്മാര്‍ട്ട് ഡോഡ് ആണ്. അമ്മയില്ലാതെ തന്നെയും അഞ്ച് സഹോദരന്‍മാരെയും വളര്‍ത്തിയ പിതാവ് വില്യം സ്മാര്‍ട്ടിനോടുള്ള ആദരസൂചകമായാണ് സൊനോര ഫാദേഴ്സ് ഡേയ്ക്ക് തുടക്കം കുറിച്ചത്.

യു.എസില്‍ 1882ല്‍ ജനിച്ച സൊനോരയ്ക്ക് തന്റെ പതിനാറാം വയസിലാണ് അമ്മയെ നഷ്ടപ്പെട്ടത്. അമ്മയുടെ മരണ ശേഷം സെനോരയേയും അഞ്ച് സഹോദരന്‍മാരെയും പിതാവ് ഒരു കുറവും അറിയിക്കാതെ വളര്‍ത്തി. 1909ല്‍ പള്ളിയില്‍ മദേഴ്സ് ഡേയുമായി ബന്ധപ്പെട്ട പ്രഭാഷണം ശ്രവിച്ചു കൊണ്ടിരിക്കെയാണ് അച്ഛന്‍മാര്‍ക്ക് വേണ്ടി ഒരു ദിനമില്ലെന്ന് സൊനോര ശ്രദ്ധിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ മക്കളെ ഏറെ സ്നേഹിക്കുന്ന പിതാക്കന്‍മാര്‍ക്കായി ഒരു ദിനം ആരംഭിക്കാന്‍ സൊനോര തീരുമാനിക്കുകയായിരുന്നു.

പിതാവിന്റെ ജന്മദിനമായ ജൂണ്‍ അഞ്ചിന് ഫാദേഴ്സ് ഡേ ആരംഭിക്കണമെന്നായിരുന്നു സൊനോരയുടെ ആഗ്രഹം. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അത് നടന്നില്ല. അങ്ങനെ 1910 ജൂണ്‍ 19നാണ് ആദ്യ ഫാദേഴ്സ് ഡേ ആഘോഷിച്ചത്. പിന്നെ ഇത് ലോകം മുഴുവന്‍ ഏറ്റെടുക്കുകയായിരുന്നു.

അമേരിക്കന്‍ പ്രസിഡന്റായിരുന്ന വിഡ്രോ വില്‍സണ്‍ 1913ല്‍ ഫാദേഴ്സ് ഡേയ്ക്ക് ഔദ്യോഗികമായി അനുമതി നല്‍കി. എന്നാല്‍ അതിന് അംഗീകാരം ലഭിക്കാന്‍ പിന്നെയും പതിറ്റാണ്ടുകള്‍ വേണ്ടിവന്നു. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമേരിക്കന്‍ കോണ്‍ഗ്രസ് 'ഫാദേഴ്സ് ഡേ'യ്ക്ക് അംഗീകാരം നല്‍കിയത്.

പിന്നെയും കാലമേറെക്കഴിഞ്ഞ് 1972ലാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റെ റിച്ചാര്‍ഡ് നിക്‌സണ്‍, എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച 'ഫാദേഴ്സ് ഡേ' ആയി അംഗീകരിച്ച് പ്രഖ്യാപനമിറക്കിയത്. പൂക്കള്‍ നല്‍കിയും കാര്‍ഡുകള്‍ നല്‍കിയുമൊക്കെ ഇന്ന് ഫാദേഴ്‌സ് ഡേ ആഘോഷം ഒരു വലിയ ബിസിനസ് ആഘോഷമായി മാറിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.