പുലിമുട്ടുകള്‍ക്ക് മുകളില്‍ കയറി പതാക നാട്ടി വൈദികര്‍; സമരച്ചൂടറിഞ്ഞ് വിഴിഞ്ഞം തുറമുഖം

പുലിമുട്ടുകള്‍ക്ക് മുകളില്‍ കയറി പതാക നാട്ടി വൈദികര്‍; സമരച്ചൂടറിഞ്ഞ് വിഴിഞ്ഞം തുറമുഖം

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ നിക്ഷേധിച്ചുള്ള വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ തുറമുഖ കവാടത്തിന് മുന്നിലെ സമരം നാലാം ദിവസമായ ഇന്നും തുടരുന്നു.

തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ വൈദികര്‍ ഇന്ന് പുലിമുട്ടുകള്‍ക്ക് മുകളില്‍ കയറി പതാക നാട്ടി. പള്ളം ലൂര്‍ദ് പുരം, അടിമലത്തുറ കൊച്ചു പള്ളി ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്ന് സമരം നടക്കുന്നത്.

അതേസമയം വിഴിഞ്ഞം തുറമുഖത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാന്റെ അധ്യക്ഷതയിലാണ് നിര്‍ണായക ചര്‍ച്ച. ഏഴിന ആവശ്യങ്ങളും അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് മത്സ്യത്തൊഴിലാളികള്‍.

എന്നാല്‍ ചര്‍ച്ചയല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികളില്ല. അതിരൂപത വികാരി ജനറലും സമര സമിതി കണ്‍വീനറുമായ ഫാദര്‍ യൂജിന്‍ പെരേരെയെ ഫോണില്‍ വിളിച്ചാണ് ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഫിഷറീസ് മന്ത്രി അറിയിച്ചത്. സ്ഥലമോ സമയമോ നിശ്ചയിച്ചിട്ടില്ല. ചര്‍ച്ചയെ അതിരൂപത സ്വാഗതം ചെയ്തെങ്കിലും മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്ന നിലപാടില്‍ മാറ്റമുണ്ടാകില്ല.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് കൂടുതല്‍ പഠനം നടത്തുക, തീരശോഷണത്തിന് ശാശ്വത പരിഹാരം കാണുക, വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കുക തുടങ്ങിയവയാണ് മത്സ്യത്തൊഴിലാളികളുടെ പ്രധാന ആശ്യങ്ങള്‍. എന്നാല്‍ തുറമുഖ നിര്‍മാണം നിര്‍ത്തി വെയ്ക്കാനാകില്ലെന്നാണ് തുടക്കം മുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.