മുഖ്യമന്ത്രിസ്ഥാനം രണ്ടു വര്‍ഷത്തേക്കെങ്കിലും വേണം; ആവശ്യം ഉന്നയിച്ച് സിപിഐ

മുഖ്യമന്ത്രിസ്ഥാനം രണ്ടു വര്‍ഷത്തേക്കെങ്കിലും വേണം; ആവശ്യം ഉന്നയിച്ച് സിപിഐ

കൊല്ലം: രണ്ടു വര്‍ഷത്തേക്കെങ്കിലും മുഖ്യമന്ത്രിസ്ഥാനം വേണമെന്ന ആവശ്യവുമായി സിപിഐ രംഗത്ത്. കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ചയിലാണ് ആവശ്യം ഉന്നയിച്ചത്. പാര്‍ട്ടിക്ക് മുന്‍പ് മുഖ്യമന്ത്രി ഉണ്ടായിട്ടുണ്ടെന്നും രണ്ട് വര്‍ഷത്തേക്കെങ്കിലും മുഖ്യമന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ഇനിയും ഉന്നയിക്കണമെന്നുമാണ് പൊതുചര്‍ച്ചയില്‍ ഉയര്‍ന്നത്.

പ്രധാനപ്പെട്ട വകുപ്പുകള്‍ പുതിയതായി ചോദിച്ചു വാങ്ങാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും ഉണ്ടായിരുന്ന നല്ല വകുപ്പുകള്‍ സിപിഎം പിടിച്ചെടുത്തുവെന്നുമുള്ള അഭിപ്രായവും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. സിപിഐ ജില്ലാ സമ്മേളനങ്ങളില്‍ സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനും പലതരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉണ്ടായെങ്കിലും കൊല്ലത്ത് നടന്നത് അധികാരവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ്.

കുറച്ച് കാലത്തേക്കെങ്കിലും മുഖ്യമന്ത്രി സ്ഥാനം നേടിയെടുക്കാന്‍ നേതാക്കള്‍ ശ്രമിക്കണം. പലപ്പോഴും സിപിഐ മന്ത്രിമാരുടെ വകുപ്പില്‍ നടക്കുന്ന ഉദ്യോഗസ്ഥ നിയമനം പോലും മന്ത്രിമാര്‍ അറിയുന്നില്ല. പ്രശ്നങ്ങളുണ്ടാകുമ്പോള്‍ പ്രതികരിക്കാന്‍ പലപ്പോഴും തയ്യാറാകുന്നില്ലെന്ന വിമര്‍ശനവും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നേരെ ഉണ്ടായി. സര്‍ക്കാരിനെയും മുന്നണിയേയും ബാധിക്കുന്ന ഒരു പ്രശ്നമുണ്ടായാല്‍ കാനം രാജേന്ദ്രന്‍ മിണ്ടാറില്ല. മുന്‍പുള്ള സിപിഐ സെക്രട്ടറിമാര്‍ ഇങ്ങനെയായിരുന്നില്ലെന്നും ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു.

കൂടാതെ ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലിന് നേരെയും രൂക്ഷമായ വിമര്‍ശനം ഉണ്ടായി. വകുപ്പ് തികഞ്ഞ പരാജയമാണെന്നും വിലക്കയറ്റം ഉള്‍പ്പടെ 
രൂക്ഷമാകുമ്പോള്‍ അത് പിടിച്ചുനിര്‍ത്താന്‍ ഒരു നടപടിയും മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നുമുള്ള രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.