നിരോധനം അവസാന വാക്കല്ല: ആര്‍എസ്എസിന്റേയും മാവോയിസ്റ്റുകളുടേയും കാര്യത്തില്‍ വ്യക്തമെന്ന് സി.പി.എം

നിരോധനം അവസാന വാക്കല്ല: ആര്‍എസ്എസിന്റേയും മാവോയിസ്റ്റുകളുടേയും കാര്യത്തില്‍ വ്യക്തമെന്ന് സി.പി.എം

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതില്‍ പ്രതികരണവുമായി സി.പി.എം പോളിറ്റ് ബ്യൂറോ. നിരോധനമെന്നത് ഫലവത്തായ ഒരു നടപടിയല്ല എന്നത് ആര്‍.എസ്.എസിന്റെയും മാവോയിസ്റ്റുകളുടേയും കാര്യമെടുത്താല്‍ തന്നെ വ്യക്തമാകും. ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ വര്‍ഗീയ ശക്തികളെയെല്ലാം തന്നെ രാജ്യത്തിന്റെ നിയമ വ്യവസ്ഥയ്ക്കനുസരിച്ച് മാതൃകാപരമായി ശിക്ഷിക്കണമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

തീവ്രമായ നിലപാടുകള്‍ വച്ചുപുലര്‍ത്തുകയും രാഷ്ട്രീയ എതിരാളികള്‍ക്കെതിരായി അക്രമാസക്തമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ഒരു സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ). ഈ തീവ്രമായ രീതികളെ സിപിഎം എക്കാലത്തും ശക്തമായി എതിര്‍ക്കുകയും പി.എഫ്.ഐയുടെ അക്രമ പ്രവര്‍ത്തനങ്ങളെ അപലപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാലും യു.എ.പി.എ പ്രകാരം ഒരു നിയമവിരുദ്ധ സംഘടനയായി പി.എഫ്.ഐയെ പ്രഖ്യാപിക്കുന്നത് ഈ പ്രശ്നത്തിനുള്ള പോംവഴിയല്ലെന്ന് സി.പി.എം വ്യക്തമാക്കുന്നു.

വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പി.എഫ്.ഐയും ആര്‍.എസ്.എസും കേരളത്തിലും കര്‍ണാടകത്തിലുമായി കൊലപാതകങ്ങളിലും അതിന്റെ പ്രതികാരങ്ങളിലും ഏര്‍പ്പെട്ടിരിക്കുകയാണ്. സനാതന്‍ സന്‍സ്ത, ഹിന്ദു ജനജാഗ്രതി സമിതി തുടങ്ങിയ തീവ്രവാദ സംഘടനകളില്‍ അംഗമായുള്ളവരും ഒട്ടനവധി മതേതരവാദികളുടെയും എഴുത്തുകാരുടെയും അരുംകൊലകള്‍ക്ക് പിന്നിലുണ്ടെന്നും സി.പി.എം കുറ്റപ്പെടുത്തി.

ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ ഇത്തരത്തിലുള്ള വര്‍ഗീയ ശക്തികളെയെല്ലാം രാജ്യത്തിന്റെ നിയമവ്യവസ്ഥയ്ക്കനുസരിച്ച് മാതൃകാപരമായി ശിക്ഷിക്കണം. ഇത്തരം വര്‍ഗീയ ശക്തികളെ പ്രതിരോധിച്ചുകൊണ്ട് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ-ജനാധിപത്യ സ്വഭാവം നിലനിര്‍ത്തുക എന്നതായിരിക്കണം ഭരണഘടന ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞയെടുത്തുകൊണ്ട് അധികാരത്തിലേറിയവരുടെ പ്രധാന കടമയെന്നും സിപിഎം ഓര്‍മ്മപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.