കാഹളം മുഴങ്ങി; കച്ച മുറുക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ അങ്കത്തട്ടിലേക്ക്

കാഹളം മുഴങ്ങി; കച്ച മുറുക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ അങ്കത്തട്ടിലേക്ക്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ ആറിന്  ഒറ്റഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കും. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങിയതോടെ അവകാശ വാദങ്ങളും പോര്‍ വിളികളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടുതല്‍ സജീവമായി.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും തങ്ങള്‍ പൂര്‍ണസജ്ജരാണെന്നും മൂന്ന് മുന്നണികളും അവകാശപ്പെടുന്നു. ചരിത്രത്തില്‍ ആദ്യമായി ഇടത് ജനാധിപത്യ മുന്നണി ഒരു ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുമ്പോള്‍, യു ഡിഎഫിന് ഇത്തവണ റെക്കോര്‍ഡ് ഭൂരിപക്ഷം ലഭിക്കുമെന്ന് കോണ്‍ഗ്രസും  അവകാശപ്പെടുന്നു. ഏറ്റവും കുറഞ്ഞത് 40 സീറ്റെങ്കിലും തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് ബിജെപിയുടെ  അവകാശ വാദം.

ചില വാര്‍ത്താ ചാനലുകള്‍ നടത്തിയ സര്‍വേകളില്‍ ഇടത് പക്ഷത്തിന് നേരിയ മുന്നേറ്റം സൂചിപ്പിക്കുന്നത് ഭരണത്തുടര്‍ച്ചയ്ക്കുള്ള സാധ്യതയായി സിപിഎം നേതാക്കള്‍ കരുതുന്നു. എങ്കിലും ഭരണവിരുദ്ധ വികാരം പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ  ഉയര്‍ന്നു വരാനും അത് യു ഡിഎഫിന് അനുകൂലമായ വോട്ടുകളായി മാറാനുമുള്ള സാധ്യത തള്ളികളയാന്‍ കഴിയില്ല. സീറ്റ് വിഭജനക്കാര്യത്തില്‍ ഏകദേശ ധാരണ ആയിട്ടുണ്ടെങ്കിലും ജനതാദള്‍, ഇന്ത്യന്‍ നാഷണല്‍ ലീഗ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ കക്ഷികളുടെ സീറ്റുവിഭജനം മുന്നണിക്ക് കീറാമുട്ടിയാകാന്‍ സാധ്യതയുണ്ട്.

പുതിയതായി മുന്നണിയിലെത്തിയ ജോസ് കെ മാണി വിഭാഗത്തിന് കൂടുതല്‍ സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇടത് പക്ഷത്തിന് തലവേദനയാകും. ശബരിമല കേസുകള്‍ പിന്‍വലിക്കല്‍, മുന്നോക്ക സമുദായങ്ങളിലെ പിന്നോക്കക്കാര്‍ക്ക് സംവരണം, ന്യുനപക്ഷ സംവരണ വിഷയങ്ങളിലുള്ള ക്രൈസ്തവ അനുകൂല നിലപാടുകള്‍, തുടങ്ങിയവയിലൂടെ മധ്യതിരുവതാംകൂറില്‍ ക്രൈസ്തവ, നായര്‍ വോട്ടുകളില്‍ നല്ലൊരു പങ്ക് തങ്ങള്‍ക്ക് അനുകൂലമാക്കാം എന്ന് ഇടത് മുന്നണി പ്രതീക്ഷിക്കുന്നു.

സര്‍ക്കാര്‍ കൈക്കൊണ്ട പല തീരുമാനങ്ങളും പിന്നീട് പ്രതിപക്ഷ ഇടപെടലില്‍ വിവാദമാകുമ്പോള്‍ അതെല്ലാം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച്  തടി ഊരാനുള്ള പല ശ്രമങ്ങളും നടത്തുന്ന കഴിവുകെട്ട മന്ത്രിമാര്‍ എന്ന ഒരു പ്രതിച്ഛായ ഇടത് മുന്നണിയിലെ പലരും സ്വന്തമാക്കിയത് ഭരണ വിരുദ്ധ വികാരത്തിന്റെ ഭാഗമായി കുറെ വോട്ടുകള്‍ എങ്കിലും എതിര്‍ ചേരികളിലേക്ക് പോകാനുള്ളസാധ്യത തള്ളിക്കളയാനാവില്ല. എന്നാല്‍ തങ്ങള്‍ നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളും ഭരണത്തുടര്‍ച്ചയ്ക്കുള്ള സാധ്യത തെളിയിക്കുമെന്ന് എല്‍ഡിഎഫ് കരുതുന്നു.

ഉമ്മന്‍ ചാണ്ടിയെ മുന്‍നിര്‍ത്തി ഭരണം തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന യുഡിഎഫ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ്  കാലത്തേക്കാള്‍ വളരെയധികം ശക്തമായ നിലയിലെത്തി എന്നത് യാഥാര്‍ഥ്യമാണ്. എങ്കിലും ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകളും കോണ്‍ഗ്രസിലെ സീറ്റ് വിഭജന ചര്‍ച്ചകളും പതിവ് പോലെ പാര്‍ട്ടിക്ക് തലവേദനയാകാനുള്ള സാധ്യതയുമുണ്ട്. രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചത് പോലെ  യുവാക്കള്‍ക്കും വനിതകള്‍ക്കും സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കും  കൂടുതൽ സീറ്റുകൾ നൽകുകയും  ഒപ്പം എല്ലാ സ്ഥാനാർത്ഥികൾക്കും കഴിവ് മാത്രം മാനദണ്ഡമാക്കുകയും ചെയ്താല്‍  നേരിയ മുന്‍തൂക്കം ഐക്യ ജനാധിപത്യ മുന്നണിക്ക് ലഭിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

ബിജെപി മുന്‍പത്തേക്കാളും നില മെച്ചപ്പെടുത്തും എന്ന് കരുതപ്പെടുന്നു. എല്ലാ സമയത്തും യുഡിഎഫിനൊപ്പം നിലയുറപ്പിച്ചിരുന്ന ക്രൈസ്തവ, നായര്‍ വോട്ടുകളിലെ  വളരെ  ചെറിയ വ്യതിയാനം ബിജെപിക്ക്  ഇത്തവണ അനുകൂലമാകാനും സാധ്യതയുണ്ട്. സീറ്റ് വിഭജന ചര്‍ച്ചകളും സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ തെരഞ്ഞെടുപ്പ് ചിത്രം കൂടുതല്‍ വ്യക്തമാകുകയുള്ളു.

(അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍, സീ ന്യൂസ് ലൈവിൽ     നിക്ഷപക്ഷമായ   'രാഷ്ട്രീയ നിരീക്ഷണം സ്ഥിരമായി നിങ്ങള്‍ക്ക് വായിക്കാവുന്നതാണ്.)



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.