വികസനത്തേരിലേറുമോ ഇടത് മുന്നണി?; അതോ വിവാദച്ചുഴികളില്‍ മുങ്ങുമോ?

വികസനത്തേരിലേറുമോ ഇടത് മുന്നണി?; അതോ വിവാദച്ചുഴികളില്‍ മുങ്ങുമോ?

'ഉറപ്പാണ് എൽ ഡി എഫ്' എന്ന മുദ്രാവാക്യവുമായി ഇടത് പക്ഷ ജനാധിപത്യ മുന്നണി ഭരണത്തുടര്‍ച്ച ലക്ഷ്യമാക്കി ജനങ്ങളിലേക്ക് ഇറങ്ങുന്നു. അടുത്ത ദിവസങ്ങളില്‍ നടന്ന മൂന്ന് അഭിപ്രായ സര്‍വേകളും ഇടത് പക്ഷ ജനാധിപത്യ മുന്നണി ഭരണത്തുടര്‍ച്ച ഉറപ്പിച്ചതായി സൂചനകള്‍ നല്‍കുന്നു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇടത് നേതാക്കള്‍ സംസാരിക്കുന്നത്. ഇത്തവണ ഭരണ വിരുദ്ധ വികാരം ഉണ്ടാവില്ലെന്നും സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് പക്ഷമുന്നണി വീണ്ടും അധികാരത്തിലെത്തുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ആവര്‍ത്തിച്ച് പറയുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കാലത്തേക്കാള്‍ യുഡിഎഫ് വളരെയധികം മുന്നേറിയിട്ടുണ്ടെങ്കിലും ഇപ്പോഴുംഇടത് മുന്നണിക്ക് തന്നെയാണ് മുന്‍തൂക്കം.  സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷം തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ രൂപവും ഭാവവും മാറുമ്പോള്‍ ബലാബലങ്ങളിലും മാറ്റമുണ്ടാകാം.

മറ്റൊരു സര്‍ക്കാരുകള്‍ക്കും മലയാളികളികള്‍ നല്‍കിയിട്ടില്ലാത്ത ഒരുതരം സഹതാപതരംഗം പിണറായി വിജയന് ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അധികാരം ഏറ്റതുമുതല്‍, നിപ്പ, ഓഖി, വെള്ളപ്പൊക്കങ്ങള്‍, കോവിഡ്തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളില്‍ ചങ്കുറപ്പോടെ കേരള ജനതയെ നയിച്ച ഒരു മുഖ്യമന്ത്രിയും മുന്നണിയും എന്ന അനുകൂല ചിന്ത വോട്ടായി മാറുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

ദാരിദ്ര്യത്തിലേക്ക് തള്ളിയിടാതെ ഭക്ഷ്യകിറ്റ്  നല്‍കിയതും ക്ഷേമ പെന്‍ഷനുകളും,  വിദ്യാലയങ്ങളുടെ നവീകരണവും ആരോഗ്യ രംഗത്തെ നേട്ടങ്ങളും മറ്റ് വികസന പ്രവര്‍ത്തങ്ങളും ഉയര്‍ത്തിക്കാട്ടി അധികാരത്തിലെത്താനുള്ള എല്ലാ സാധ്യതകളും അവര്‍ക്ക് മുന്നിലുണ്ട്. എന്നാല്‍ ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായില്ല. എന്‍സിപി, ജനതാദള്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, തുടങ്ങിയ ചെറു കക്ഷികളെ തൃപ്തിപ്പെടുത്തുക ശ്രമകരമായ ജോലിയായിരിക്കുംഇടത് മുന്നണിക്ക്. ഉഭയകക്ഷി ചര്‍ച്ചകള്‍ കഴിഞ്ഞ് സീറ്റ് വിഭജനം പൂര്‍ത്തിയാകുന്നതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് അതിവേഗം കടക്കും എന്നാണ് മുന്നണി നേതാക്കള്‍ അവകാശപ്പെടുന്നത്. കൂടുതല്‍ വനിതകളെയും യുവാക്കളെയും സ്ഥാനാര്‍ത്ഥികളാക്കാനുള്ള നീക്കങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ മികവും വേഗതയുംഇടത് പക്ഷ മുന്നണിക്ക് അനുകൂല ഘടകങ്ങളാണ്.

ക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ അനുകൂലമാകുമ്പോഴും കത്തിക്കാളിയ ചില വിവാദങ്ങള്‍ ഇടത് പക്ഷ മുന്നണിയെ വേട്ടയാടാന്‍ സാധ്യതയുണ്ട്. ആഴക്കടല്‍ മല്‍സ്യ ബന്ധനം, പിന്‍വാതില്‍ നിയമനങ്ങള്‍, കിഫ്‌ബിയും ലൈഫ്മിഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍, കണ്‍സള്‍ട്ടന്‍സി രാജ്, തുടങ്ങി പല വിഷയങ്ങളും ഉയര്‍ന്നു വരുമ്പോള്‍ വിവാദങ്ങള്‍ വികസനങ്ങളെ വിഴുങ്ങിക്കഴിയുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

വികസനങ്ങളും ക്ഷേമങ്ങളും ഉയര്‍ത്തി വോട്ട് പിടിക്കുന്നതിന് പകരം സോളാര്‍, ബാര്‍ കോഴ തുടങ്ങി ഐക്യമുന്നണിയുടെ പൂര്‍വകാല ചരിത്രങ്ങള്‍, മുസ്ലിം ലീഗിനെ മുന്നില്‍ നിര്‍ത്തി ഉയര്‍ത്തുന്ന മത വര്‍ഗീയ നിലപാടുകള്‍ തുടങ്ങിയവയിലാണ് ഇടത് മുന്നണി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കില്‍ അത് ഇടതു വിരുദ്ധ ചേരികള്‍ക്ക് ശക്തി പകരും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. വിവാദങ്ങളുടെ പുറകെ പോകാതെ വികസനത്തിന്റെയും ക്ഷേമ പ്രവര്‍ത്തനങ്ങളുടെയും ധീര കഥകള്‍ പറയുന്നതായിരിക്കും പ്രചാരണ രംഗത്തുള്ള സഖാക്കള്‍ക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിക്കാന്‍ സഹായകമാകുക.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.