ചന്ദ്രനിലെ ഹോട്ടലില്‍ താമസിക്കാം! ബുക്കിങ് ആരംഭിച്ചു, 2.2 കോടി രൂപ മുതല്‍ ഒന്‍പത് കോടി വരെ ആദ്യം നല്‍കണം

 ചന്ദ്രനിലെ ഹോട്ടലില്‍ താമസിക്കാം! ബുക്കിങ് ആരംഭിച്ചു,  2.2 കോടി രൂപ മുതല്‍ ഒന്‍പത് കോടി വരെ ആദ്യം നല്‍കണം

ന്യൂയോര്‍ക്ക്: ചന്ദ്രനില്‍ പുതുതായി ആരംഭിക്കുന്ന ഹോട്ടലില്‍ താമസം ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് അമേരിക്കയിലെ ഒരു സ്റ്റാര്‍ട്ടപ്പ്. താമസത്തിന് ഒരാള്‍ക്ക് 2.2 കോടി രൂപ (250,000ഡോളര്‍) മുതല്‍ ഒന്‍പത് കോടി രൂപ (10 ലക്ഷം ഡോളര്‍) വരെയാണ് ബുക്കിങ് തുക. 2032 ഓടുകൂടി ചന്ദ്രനില്‍ മനുഷ്യരുടെ താമസം ഉറപ്പാക്കാനാണ് ഗാലക്ടിക് റിസോഴ്‌സ് യൂട്ടിലൈസേഷന്‍ സ്‌പേസ് എന്ന സ്റ്റാര്‍ട്ടപ്പ് (ജി.ആര്‍.യു സ്‌പേസ്) ലക്ഷ്യമിടുന്നത്.

ഇതുവരെ നമ്മള്‍ കണ്ടിട്ടുള്ള ബഹിരാകാശ വിനോദസഞ്ചാരമല്ല ഇത്. വെറും പന്ത്രണ്ട് പേര്‍ മാത്രമാണ് ഇതുവരെ ചന്ദ്രനില്‍ നടന്നിട്ടുള്ളത്. ഈ ദൗത്യത്തിന്റെ ആദ്യഘട്ടത്തില്‍ പങ്കാളികളാകുന്നതിലൂടെ ഭൂമിക്ക് പുറത്തുള്ള മനുഷ്യ ജീവിതത്തിന്റെ അടിത്തറ പാകുന്നതില്‍ നിങ്ങളും തങ്ങളോടൊപ്പം ചേരുകയാണെന്ന് കമ്പനി വ്യക്തമാക്കി.

അതേസമയം യാത്രയുടെ അന്തിമ തുക എത്രയാണെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇത് 90 കോടി രൂപയില്‍ ( ഒരു കോടി ഡോളര്‍) അധികമാകാനാണ് സാധ്യതയെന്ന് കമ്പനി സൂചിപ്പിക്കുന്നു. വലിയ ബുക്കിങ് തുകയ്ക്ക് പുറമെ അപേക്ഷിക്കാന്‍ 1000 ഡോളര്‍ തിരിച്ച് ലഭിക്കാത്ത ഫീസായും നല്‍കണം. കൂടാതെ കര്‍ശനമായ പശ്ചാത്തല പരിശോധനയ്ക്കും അപേക്ഷകര്‍ വിധേയരാകണം.

22 വയസുള്ള സ്‌കൈലര്‍ ചാന്‍ കഴിഞ്ഞ വര്‍ഷമാണ് സിലിക്കണ്‍ വാലിയില്‍ ജി.ആര്‍.യു സ്‌പേസിന് തുടക്കമിട്ടത്. ഭൂമിക്കപ്പുറത്തേക്ക് മനുഷ്യരാശിയുടെ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ചുവടുവെപ്പായാണ് സ്റ്റാര്‍ട്ടപ്പ് ഈ പദ്ധതി അവതരിപ്പിക്കുന്നത്. ബഹിരാകാശത്ത് മനുഷ്യവാസം ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്ന ടെക് കോടീശ്വരന്മാരുടെ താല്‍പര്യങ്ങള്‍ തന്നെയാണ് ഈ ദൗത്യത്തിന് പിന്നിലും.

പദ്ധതിയുടെ സമയക്രമം അനുസരിച്ച് നിര്‍മാണത്തിനാവശ്യമായ ആദ്യ പേലോഡ് 2029 ല്‍ ചന്ദ്രനിലിറങ്ങും എന്നാണ് സൂചന. ചന്ദ്രനിലെ പൊടി ഉപയോഗിച്ച് ഇഷ്ടികകള്‍ നിര്‍മിക്കാനുള്ള വിദ്യയും കമ്പനി പരീക്ഷിക്കുന്നുണ്ട്. ഹോട്ടല്‍ നിര്‍മിക്കാനാണ് ഇത് ഉപയോഗിക്കുക. റേഡിയേഷനില്‍ നിന്നും കഠിനമായ താപനിലയില്‍ നിന്നും ഈ ഇഷ്ടികകള്‍ ഹോട്ടലിനെ സംരക്ഷിക്കുമെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.