ഗവര്‍ണറുമായി രണ്ടാം വട്ടവും കൂടിക്കാഴ്ച നടത്തി വിജയ്; ടിവികെയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് വിസികെ

ഗവര്‍ണറുമായി രണ്ടാം വട്ടവും കൂടിക്കാഴ്ച നടത്തി വിജയ്; ടിവികെയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് വിസികെ

ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അനശ്ചിതത്വം തുടരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് ടിവികെ. വിജയ് ഇന്നും രാജ്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. എന്നാല്‍ കേവല ഭൂരിപക്ഷത്തിനുള്ള 118 എംഎല്‍എമാരുടെ പേരുകള്‍ കൈമാറണമെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു.

തിരഞ്ഞെടുപ്പില്‍ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടി.വി.കെ, അഞ്ച് സീറ്റുള്ള കോണ്‍ഗ്രസിന്റെയും ചെറു പാര്‍ട്ടികളുടെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ 113 എം.എല്‍.എമാരുടെ പിന്തുണയാണ് വിജയിയുടെ സഖ്യത്തിനുള്ളത്.

234 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യയിലേക്ക് അഞ്ച് സീറ്റുകളുടെ കുറവാണുള്ളത്. വിജയിയുടെ വ്യക്തിഗത വിജയങ്ങളില്‍ ഒന്ന് രാജിവെക്കുന്നതോടെ പാര്‍ട്ടിയുടെ സഭയിലെ കരുത്ത് 107 ആകും.

ടിവികെയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് വിടുതലൈ ചിരുതൈഗള്‍ കക്ഷി നേതാവ് തോള്‍ തിരുമാവളവന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വിജയിക്ക് അവസരം നല്‍കണമെന്നും, സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് തന്നെ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദേഹം പറഞ്ഞു.

ബിജെപി തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇടപെട്ട് ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണെന്നും തിരുമാവളവന്‍ ആരോപിച്ചു. പിന്തുണ തേടിക്കൊണ്ടുള്ള വിജയിയുടെ കത്ത് ലഭിച്ചതായും പാര്‍ട്ടി ഉടന്‍ നിലപാട് വ്യക്തമാക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ വിജയ് അയച്ച കത്ത് നാളെ നടക്കുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് സിപിഎം നേതാവ് പി. ഷണ്‍മുഖം വ്യക്തമാക്കി. ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന സുപ്രീം കോടതിയുടെ എസ്.ആര്‍ ബൊമ്മെ കേസ് വിധി മുന്‍നിര്‍ത്തി ഗവര്‍ണര്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.