തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം കഴിഞ്ഞ് പത്താം ദിവസവും മുഖ്യമന്ത്രിയാരെന്ന അനിശ്ചിതത്വം തുടരുന്നതിനിടെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പ്രസ്താവനയുമായി കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍. വലിയ ഭൂരിപക്ഷം നേടിയ മുന്നണിയിലെ പ്രധാന കക്ഷി മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് ഇങ്ങനെ കുഴങ്ങുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു.
എഴുത്തുകാരായ സാറാ ജോസഫ്, കല്‍പ്പറ്റ നാരായണന്‍, കെ.ജി. ശങ്കരപ്പിള്ള, എം.എന്‍ കാരശേരി, യു.കെ കുമാരന്‍, എസ്. ജോസഫ്, ഡോ. ആസാദ്, ഡോ. സി.ജെ ജോര്‍ജ് തുടങ്ങി നിരവധി എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പ്രസ്താവനയില്‍ ഒപ്പിട്ടിട്ടുണ്ട്.
'മെയ് നാലിന് തിരഞ്ഞെടുപ്പു ഫലം വന്നതാണ്. പത്തു ദിവസമാകുന്നു. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിനോ ദേശീയ നേതൃത്വത്തിനോ ഇനിയും പരിഹാരം കണ്ടത്താനായിട്ടില്ല. എന്താണ് ഈ പ്രശ്നത്തിന് കാരണം? ജനവിധിയുടെ ആത്മാവ് കാണാന്‍ ശേഷിയില്ലായ്മയല്ലേ?
അഥവാ അത് മനസിലാക്കിയിട്ടും സ്വന്തം അജണ്ട നടപ്പാക്കാന്‍ ജനവിധി അട്ടിമറിക്കുന്നതില്‍ പോലും തെറ്റു കാണാത്ത ചില നേതാക്കളല്ലേ? ജനങ്ങളുടെ വോട്ടുനിശ്ചയം അപ്പാടെ കവര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ഒരാളെ മുഖ്യമന്ത്രിയായി പ്രതിഷ്ഠിക്കാന്‍ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയും അതു നടപ്പാക്കാന്‍ നടന്ന സ്വാധീന ശ്രമങ്ങളുമാണ് ജനങ്ങള്‍ കാണുന്നത്. ഉന്നതമായ ജനാധിപത്യ മൂല്യങ്ങള്‍ അട്ടിമറിച്ച് വോട്ടുചോരി സംസ്‌കാരത്തിന് ഊന്നുകാല്‍ നല്‍കുകയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ എന്നു പറയേണ്ടിവരുന്നു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങള്‍ തങ്ങളുടെ കൂട്ടത്തില്‍ നിന്ന് നേതാവിനെ തെരഞ്ഞെടുക്കുന്നതാണ് ജനാധിപത്യ മുറ. അവിടെ ബാഹ്യമായ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത് ശരിയല്ല. നേരത്തേ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിശ്ചയിച്ച ഒരാള്‍ തിരഞ്ഞെടുപ്പില്‍ തോല്‍ക്കാനിടയായാല്‍ ചിലപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറത്തുനിന്ന് മറ്റൊരു നേതാവിനെ നിയോഗിക്കേണ്ടിവരുന്ന സാഹചര്യമുണ്ടാവാം.
പക്ഷേ ഇവിടെ അങ്ങനെയൊരു സാഹചര്യമില്ല. ഇപ്പോഴുണ്ടായ ദൗര്‍ഭാഗ്യകരമായ സന്ദിഗ്ദ്ധാവസ്ഥ അടിച്ചേല്‍പ്പിക്കപ്പെട്ടതാണ്. അതില്‍ ഗൂഢാലോചനയും ആസൂത്രണവും ഉണ്ടെന്ന് സ്പഷ്ടവുമാണ്. ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്ന പ്രതിഷേധാര്‍ഹമായ സമീപനമാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ഇപ്പോള്‍ ഉണ്ടായിട്ടുള്ളതെന്നും പ്രസ്താവനയില്‍ പറയുന്നു.
വൈകിയ വേളയില്‍ തെറ്റു തിരുത്താനും ജനനിശ്ചയവും ജനാധിപത്യ മര്യാദയും സംരക്ഷിക്കാനും കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവണം. ഇത് കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്നമല്ലാതായിട്ടുണ്ടെന്ന് ഞങ്ങള്‍ അവരെ ഓര്‍മിപ്പിക്കുന്നു. നേതാവിനെ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ജനനിശ്ചയം അട്ടിമറിക്കാനും വോട്ടുമോഷണം നടത്താനുമുള്ള ശ്രമം ജനങ്ങള്‍ക്കെതിരായ യുദ്ധമാണ്. അതില്‍ ഇടപെടാനും തടയാനും രാഷ്ട്രീയമായ വിവേകത്തോടെ വോട്ടു ചെയ്ത ബഹുജനത്തിന് അവകാശമുണ്ട്. അത് പൗര സമൂഹത്തിന്റെ ജനാധിപത്യ ധര്‍മമാണ്.
കേരള ജനത കൊടിയ രാഷ്ട്രീയ വഞ്ചനയ്ക്ക് ഇരയാകുന്ന ഒരു ഭയാനക നന്ദര്‍ഭത്തിന്റെ മുന്നിലാണുള്ളത്. ഈ സാഹചര്യത്തില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ജനാധിപത്യ ധ്വംസനത്തിന് ഇട നല്‍കാതെ ജനവികാരം ഉള്‍ക്കൊണ്ട് ഉചിതമായ തീരുമാനം ഉടന്‍ കൈക്കൊള്ളേണ്ടതാണ് എന്ന് ഓര്‍മിപ്പിക്കുന്നു'- പ്രസ്താവനയില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.