കൊടും ഭീകരരുടെ സംഗമ വേദിയായി ഹംസ ബുര്‍ഹാന്റെ സംസ്‌കാര ചടങ്ങ്; തീവ്രവാദികള്‍ക്ക് പാക് ഭരണകൂടും നല്‍കുന്ന കരുതല്‍ വീണ്ടും വ്യക്തമായി

കൊടും ഭീകരരുടെ സംഗമ വേദിയായി ഹംസ ബുര്‍ഹാന്റെ സംസ്‌കാര ചടങ്ങ്; തീവ്രവാദികള്‍ക്ക് പാക് ഭരണകൂടും നല്‍കുന്ന കരുതല്‍ വീണ്ടും വ്യക്തമായി

പാകിസ്ഥാന്‍ ആഗോള ഭീകരതയുടെ കയറ്റുമതി കേന്ദ്രമാണെന്ന ഇന്ത്യയുടെ ആരോപണത്തെ എതിര്‍ത്തിരുന്ന പാക് സര്‍ക്കാരിന്റെ വാദങ്ങളെ തകര്‍ക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്.

ഇസ്ലമാബാദ്: പുല്‍വാമ ഭീകരാക്രമണ സൂത്രധാരന്‍ ഹംസ ബുര്‍ഹാന്റെ ശവസംസ്‌കാര ചടങ്ങില്‍ ലോകം തിരയുന്ന കൊടും തീവ്രവാദികളും പങ്കെടുത്തു.

വെള്ളിയാഴ്ച ഇസ്ലമാബാദില്‍ നടന്ന ശവസംസ്‌കാര ചടങ്ങില്‍ പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരര്‍ പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നു.

അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീന്‍ ഉള്‍പ്പെടെയുള്ള കൊടുംഭീകരരുടെ സാന്നിധ്യം ദൃശ്യങ്ങളിലുണ്ട്.

ഇന്ത്യയില്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് ശേഷം പാകിസ്ഥാനില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ബുര്‍ഹാനെ കഴിഞ്ഞ ദിവസം അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഹംസ ബുര്‍ഹാന്‍ അംഗമായ അല്‍ ബദര്‍ എന്ന ഭീകര സംഘടനയുടെ തലവന്‍ ഭക്ത് സമീന്‍ ഖാനും ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

പാകിസ്ഥാന്‍ ആഗോള ഭീകരതയുടെ കയറ്റുമതി കേന്ദ്രമാണെന്ന ഇന്ത്യയുടെ ആരോപണത്തെ എതിര്‍ത്തിരുന്ന പാക് സര്‍ക്കാരിന്റെ വാദങ്ങളെ തകര്‍ക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്.

തീവ്രവാദികള്‍ക്ക് പാകിസ്ഥാന്‍ ഭരണകൂടം നല്‍കുന്ന സുരക്ഷയും സംരക്ഷണവും തുറന്നു കാട്ടുന്നതാണ് ഈ സംഭവം. ഇന്ത്യ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ഭീകരര്‍ക്ക് അയല്‍രാജ്യം സുരക്ഷിത താവളമൊരുക്കുന്നു എന്ന ആരോപണത്തിന് ഈ ദൃശ്യങ്ങള്‍ വലിയ തെളിവായി മാറി.

ഇസ്ലമാബാദില്‍ നടന്ന ബുര്‍ഹാന്റെ ശവസംസ്‌കാര ചടങ്ങില്‍ വന്‍ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളും വീഡിയോകളും വ്യക്തമാക്കുന്നു. സായുധരായ ഭീകരരുടെ വലിയ തോതിലുള്ള വിന്യാസം സ്ഥലത്തുണ്ടായിരുന്നു.


ഇതില്‍ അല്‍ ബദര്‍ തലവന്‍ ഭക്ത് സമീന്‍ ഖാന് ചുറ്റുമുള്ള കനത്ത സുരക്ഷാ സന്നാഹം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. എ.കെ 47 അടക്കമുള്ള ആയുധങ്ങളേന്തിയ ഭീകരര്‍ ഇയാള്‍ക്ക് ചുറ്റും സുരക്ഷാവലയം തീര്‍ത്തിരുന്നു. പാകിസ്ഥാനിലും പാക് അധീന കാശ്മീരിലും അടുത്ത കാലത്തായി നടന്ന ഭീകരരുടെ കൊലപാതകങ്ങളെ തുടര്‍ന്ന് ഇയാളുടെ സുരക്ഷ വര്‍ധിപ്പിച്ചതായാണ് കരുതപ്പെടുന്നത്.

'ഡോക്ടര്‍' എന്ന രഹസ്യപ്പേരില്‍ അറിയപ്പെട്ടിരുന്ന അര്‍ജുമാന്‍ത് ഗുല്‍സാര്‍ ദാര്‍ എന്ന ഹംസ ബുര്‍ഹാന്‍ നിരോധിത ഭീകര സംഘടനയായ അല്‍ ബദറിന്റെ ഉന്നത കമാന്‍ഡറായിരുന്നു. ജമ്മു കാശ്മീരില്‍ ഭീകര ശൃംഖലയ്ക്ക് നേതൃത്വം നല്‍കിയതിന് ഇന്ത്യ ഇയാളെ തിരഞ്ഞു വരികയായിരുന്നു. കഴിഞ്ഞ ദിവസം പാക് അധീന കാശ്മീരിലെ മുസഫറാബാദില്‍ അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയിലെ രത്‌നിപോറ സ്വദേശിയായ ബുര്‍ഹാന്‍, പാകിസ്ഥാനില്‍ എത്തുകയും അവിടെ അല്‍ ബദര്‍ ഭീകര സംഘടനയില്‍ ചേരുകയും ചെയ്തു. 2019 ല്‍ 40 സിആര്‍പിഎഫ് ജവാന്‍മാരുടെ മരണത്തിന് ഇടയാക്കിയ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് ഇയാളുടെ പേര് ആദ്യമായി പുറത്തു വന്നത്.

2022 ല്‍ ഇന്ത്യ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചു. കാശ്മീരിലെ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നതിലും ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിലും പാകിസ്ഥാനില്‍ നിന്നുള്ള ഭീകരവാദ ഫണ്ടിങ് കൈകാര്യം ചെയ്യുന്നതിലും ബുര്‍ഹാന്‍ നിര്‍ണായക പങ്കുവഹിച്ചതായി സുരക്ഷാ ഏജന്‍സികള്‍ പറയുന്നു. അല്‍ ബദറിനായി ശൃംഖല സ്ഥാപിക്കുന്നതിലും പുതുതായി റിക്രൂട്ട് ചെയ്യുന്നവരെ ഏകോപിപ്പിക്കുന്നതിലും ഇയാള്‍ മുഖ്യ പങ്കുവഹിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.