ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചു പണിക്കൊരുങ്ങി ബിജെപി നേതൃത്വം. രണ്ടാഴ്ചയ്ക്കകം അഴിച്ചുപണി നടക്കുമെന്നാണ് സൂചന. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകള്‍ മാറുമെന്നും വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പുറത്താകുമെന്നുമാണ് റിപ്പോര്‍ട്ട്.
രാജ്യസഭാ കാലാവധി പൂര്‍ത്തിയാകുന്ന കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ മാറ്റിയേക്കുമെന്നും രാജ്യസഭാംഗം സി. സദാനന്ദനെ പുതിയ മന്ത്രിയാക്കുമെന്നും അഭ്യൂഹമുണ്ട്. ഉത്തര്‍പ്രദേശും മണിപ്പൂരുമുള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്രം നിര്‍ണായക നീക്കത്തിനൊരുങ്ങുന്നത്.
2029 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കമായും മന്ത്രിസഭ പുനസംഘടനയെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. രണ്ട് കാബിനറ്റ് മന്ത്രിമാരും മൂന്ന് സഹമന്ത്രിമാരും മന്ത്രിസഭയ്ക്ക് പുറത്താകുമെന്നാണ് വിവരം.
ഇതില്‍ പ്രധാനപ്പെട്ട ഒരാള്‍ക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിന്റെ ചുമതല നല്‍കും. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയുടെ ചുമതലയാകും മുതിര്‍ന്ന നേതാവിന് നല്‍കുക. 2028 ല്‍ നടക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ഭരണം തിരികെ പിടിക്കുകയെന്നതാണ് ലക്ഷ്യം.
കേരളത്തില്‍ നിന്ന് നിലവില്‍ രണ്ടുപേരാണ് കേന്ദ്ര മന്ത്രിസഭയിലുള്ളത്. ഇതില്‍ സുരേഷ് ഗോപി തുടരുമെന്നാണ് സൂചന. ജോര്‍ജ് കുര്യന്‍ തുടരുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ് ജോര്‍ജ് കുര്യന്‍.
കാലാവധി അവസാനിക്കിരിക്കെ വീണ്ടും ബിജെപി പരിഗണിക്കുമോ എന്ന് വ്യക്തമായിട്ടില്ല. പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുള്ള യുവനേതാവ് അനൂപ് ആന്റണി മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. ക്രൈസ്തവ സഭകളുമായുള്ള അടുത്ത ബന്ധവും അനൂപിന് അനുകൂല ഘടകമാണ്.
എന്നാല്‍ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായ സി. സദാനന്ദനാണ് കേരളത്തില്‍ നിന്നും പരിഗണനയിലുള്ളവരുടെ മുന്‍ നിരയിലെന്നാണ് അറിയുന്നത്. രാജ്യസഭയിലെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പലപ്പോഴായി പുകഴ്ത്തിയുള്ള അംഗമാണ് സി. സദാനന്ദന്‍. രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത് എത്തിയ അംഗമാണെങ്കിലും മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ട്.
2025 ജൂലൈയിലാണ് സദാനന്ദന്‍ രാജ്യസഭയിലെത്തിയത്. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയെന്ന നിലയില്‍ സദാനന്ദനെ ഉയര്‍ത്തിക്കാട്ടുന്നത് ഗുണകരമാകുമെന്ന വിലയിരുത്തലാണ് രാജ്യസഭയിലേക്ക് അദേഹത്തെ പരിഗണിക്കാന്‍ കാരണമായത്. ഇതേ ചിന്തയാണ് പ്രധാനമന്ത്രിയും അമിത് ഷാ അടക്കമുള്ള നേതാക്കളും ഇപ്പോഴും പുലര്‍ത്തി വരുന്നത്.
സംഘടനാ തലത്തിലും ബിജെപി അഴിച്ചുപണിക്ക് ഒരുങ്ങുന്നുണ്ട്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രഭാരിമാരുടെ കാര്യത്തില്‍ ഏതാണ്ട് ധാരണയായിട്ടുണ്ട്. കേരളത്തിന്റെ ചുമതലയില്‍ ഏറെ നാളായുള്ള പ്രകാശ് ജാവദേക്കര്‍ മാറിയേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.