ന്യൂഡല്‍ഹി: പുനര്‍ മൂല്യനിര്‍ണയം സംബന്ധിച്ച വ്യാപക പരാതി ഉയര്‍ന്നതിന് പിന്നാലെ സിബിഎസ്ഇ പോര്‍ട്ടലിനുനേരെ വ്യാപക സൈബര്‍ ആക്രമണ ശ്രമങ്ങള്‍. പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷാ നടപടികള്‍ ആരംഭിച്ച ആദ്യ ദിവസമാണ് ഇത്തരം ശ്രമങ്ങളുണ്ടായത്.
എങ്കിലും റീ ഇവാല്യുവേഷന്‍ ആന്‍ഡ് വേരിഫിക്കേഷന്‍ പോര്‍ട്ടല്‍ സുരക്ഷിതവും പ്രവര്‍ത്തനക്ഷമവുമായി തുടര്‍ന്നതായും രാവിലെ ഏഴ് മണി മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചതായും എക്‌സില്‍ പങ്കുവെച്ച അപ്ഡേറ്റില്‍ ബോര്‍ഡ് വ്യക്തമാക്കി.
വന്‍തോതിലുള്ള ഡിനയല്‍ ഓഫ് സര്‍വീസ് ആക്രമണമാണ് പ്ലാറ്റ്ഫോം നേരിടേണ്ടി വന്നതെന്നും രണ്ട് മിനിറ്റിനുള്ളില്‍ ഏകദേശം 15 ലക്ഷം ഹിറ്റുകള്‍ സൃഷ്ടിച്ചുവെന്നും ബോര്‍ഡ് പറയുന്നു. സിസ്റ്റത്തില്‍ ഹോസ്റ്റ് ചെയ്തിരിക്കുന്ന ഫയലുകളിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ഒരു ലക്ഷത്തില്‍ അധികം ശ്രമങ്ങള്‍ നടന്നതായും ബോര്‍ഡ് വ്യക്തമാക്കി.
ഈ സംഭവങ്ങള്‍ക്കിടയിലും പോര്‍ട്ടല്‍ ഒരേ സമയം എണ്ണായിരത്തിലധികം അധികം ഉപയോക്താക്കള്‍ക്ക് പിന്തുണ നല്‍കിയിരുന്നെന്നും ഉച്ച കഴിഞ്ഞ് മൂന്നോടെ 18,000 ല്‍ അധികം വിജയകരമായ പുനര്‍ മൂല്യനിര്‍ണയ, പരിശോധനാ അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടെന്നും ബോര്‍ഡ് പറഞ്ഞു.
വിദ്യാര്‍ഥികളില്‍ നിന്നുള്ള ഫീഡ്ബാക്ക് ലഭിച്ചതിന് ശേഷം നിരവധി മെച്ചപ്പെടുത്തലുകള്‍ നടപ്പിലാക്കി. അപേക്ഷാ നടപടിക്രമങ്ങള്‍ അനായാസമാക്കാന്‍ സെഷന്‍ സമയ പരിധികള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
പോര്‍ട്ടല്‍ വഴി അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തടസമില്ലാത്ത സേവനങ്ങള്‍ ഉറപ്പാക്കാന്‍ സിബിഎസ്ഇയുടെ സാങ്കേതിക സംഘങ്ങള്‍ പ്ലാറ്റ്ഫോം നിരന്തരം നിരീക്ഷിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് ബോര്‍ഡ് അവകാശപ്പെടുന്നു.
മെയ് 13 ന് സിബിഎസ്ഇ ഫലം വന്നപ്പോള്‍ കഴിഞ്ഞ ഏഴ് വര്‍ഷങ്ങളിലെ പരീക്ഷാഫലത്തിലെ ഏറ്റവും കുറവ് വിജയശതമാനമായിരുന്നു ഉണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതികളുമായി രംഗത്തെത്തിയിരുന്നു. പരീക്ഷാ ഫലത്തെ കുറിച്ചുള്ള ആശങ്കകള്‍ക്കൊപ്പം ഒ.എസ്.എം രീതിയില്‍ മാര്‍ക്ക് കണക്കു കൂട്ടിയപ്പോള്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും പരാതികള്‍ ഉയര്‍ന്നു.
ഉത്തരക്കടലാസുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യമുണ്ടെങ്കിലും ലഭിക്കുന്നത് ക്വാളിറ്റി കുറഞ്ഞ പേപ്പറുകളാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഉത്തരക്കടലാസുകള്‍ മാറി ലഭിച്ചു എന്ന അവകാശവാദമുയര്‍ത്തി എക്‌സില്‍ പോസ്റ്റുകളും വന്നിരുന്നു. ഇതേ തുടര്‍ന്ന് കടുത്ത സമ്മര്‍ദ്ദത്തിലായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സിബിഎസ്ഇയോട് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.