ദൈവത്തിന്റെ പേരിൽ സഹോദരങ്ങളെ കൊല്ലുന്നത്‌ തെറ്റാണ്: ഇറാഖിന്റെ മണ്ണിൽ ചവിട്ടിനിന്ന് ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം

ദൈവത്തിന്റെ പേരിൽ സഹോദരങ്ങളെ കൊല്ലുന്നത്‌ തെറ്റാണ്: ഇറാഖിന്റെ മണ്ണിൽ ചവിട്ടിനിന്ന് ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം

മൊസൂൾ: ഇറാഖിലെ ആദ്യത്തെ അപ്പസ്തോലിക സന്ദർശനവും കോവിഡ് മഹാമാരി തുടങ്ങിയതിന് ശേഷമുള്ള മാർപാപ്പയുടെ ആദ്യത്തെ അന്താരാഷ്ട്ര യാത്രയും ആണ് പപ്പയുടെ ഇറാഖ് സന്ദർശനം. കോവിഡ് നിരക്ക് വളരെ ഉയർന്നിരിക്കുന്ന ഇറാഖിൽ കഴിഞ്ഞ ആഴ്ച്ച മാത്രമാണ് വാക്‌സിന്റെ ആദ്യ ഡോസ് എത്തിയത്. മാർപാപ്പയും കൂടെയുള്ളവരും പൂർണ്ണമായും വാക്‌സിൻ സ്വീകരിച്ചുവെങ്കിലും കോവിഡ് ഉൾപ്പെടെ വളരെയധികം വെല്ലുവിളികൾ നിറഞ്ഞ ഈ യാത്ര പാപ്പയുടെ വിശ്വ സാഹോദര്യത്തെ ശക്തിപ്പെടുത്താനുള്ള തീവ്ര ശ്രമങ്ങളുടെ ഭാഗമായി എടുത്ത ധീരമായ തീരുമാനമാണ്. അരക്ഷിതത്ത്വം നിറഞ്ഞ് നിൽക്കുന്ന ഇറാഖിന്റെ മണ്ണിലൂടെ സ്വന്തം ആരോഗ്യവും സുരക്ഷയും വകവയ്ക്കാതെ ആ ദേശത്തെ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യൻ സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പാപ്പനടത്തിയ ഈ അപ്പസ്തോലിക യാത്രയെ നാഴികക്കല്ല് എന്നോ ചരിത്ര സംഭവം എന്നോ ഒക്കെ വിളിക്കാമെങ്കിലും വിശ്വാസികൾക്ക് ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം വന്നു വീഴുന്ന മറക്കാനാവാത്ത ഒരു അമൂല്യ അനുഭവമായി.


അഞ്ച് വർഷങ്ങൾക്ക് മുൻപ് തീവ്രവാദികൾ കൈയടക്കി വച്ചിരുന്ന ഇറാഖിലെ മൊസൂളിലെ തകർന്ന് കിടക്കുന്ന ദേവാലയവശിഷ്ടങ്ങളുടെ ഇടയിൽക്കൂടി സഞ്ചരിച്ച ഫ്രാൻസിസ് മാർപാപ്പ നിരാശയുടെ തളം കെട്ടിക്കിടന്ന ആ ദേശത്ത് പ്രതീക്ഷയുടെയും പ്രത്യാശയുടെയും തിരിനാളം കൊളുത്തി. മൊസൂളിൽ ചർച്ച് സ്ക്വയർ സന്ദർശിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവർക്കുവേണ്ടി പ്രാർത്ഥിച്ചു. ആയിരക്കണക്കിന് ക്രിസ്ത്യാനികളും അല്ലാത്തവരുമായ സാധാരണക്കാരെയാണ് തീവ്രവാദികൾ കൊന്നൊടുക്കിയത്. നാല് പള്ളികളുടെ തകർന്നടിഞ്ഞ അവശിഷ്ടങ്ങളാൽ ചുറ്റപ്പെട്ട 'ചർച്ച് സ്ക്വയറി'ൽ നിന്നുകൊണ്ട് പാപ്പാ പീഢയനുഭവിച്ചരെപ്പറ്റിയുള്ള തന്റെ വേദന പങ്കുവച്ചു.അതിപുരാതനമായ നാല് ക്രൈസ്തവ ദൈവാലയങ്ങളാൽ ചുറ്റപ്പെട്ട ചതുരം ഇന്ന് ദൈവാലയവശിഷ്ടങ്ങളുടെ ഭൂമിയാണ്. അതിനുമധ്യേനിന്ന്, ഭീകരവാദത്തിനും യുദ്ധത്തിനും ഇരകളായവരെ ദൈവസമക്ഷം സമർപ്പിച്ച് മാർപാപ്പ പ്രാർത്ഥിച്ചു. ദൈവം എന്നാൽ ജീവന്റെ ദൈവവും സമാധാനത്തിന്റെ ദൈവവും സ്നേഹത്തിന്റെ ദൈവവും ആണെങ്കിൽ ആ ദൈവത്തിന്റെ പേരിൽ സഹോദരങ്ങളെ കൊല്ലുന്നതും വെറുക്കുന്നതും യുദ്ധം ചെയ്യുന്നതും തെറ്റാണെന്ന് പാപ്പാ തീവവാദത്തിന്റെ മണ്ണിൽ ചവിട്ടിനിന്നുകൊണ്ട് ധൈര്യസമേതം പ്രഖ്യാപിച്ചു.


മൊസൂൾ ഉൾപ്പെടെ ആധുനിക ഇറാഖിന്റെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന ചരിത്രപ്രാധാന്യമുള്ള മെസൊപ്പൊട്ടേമിയയ്ക്ക് സംഭവിച്ചതിനെ പരാമർശിച്ച് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞത് 'എത്ര ക്രൂരം 'എന്നാണ്. ആക്രമണത്തെത്തുടർന്ന് പലരും പലായനം ചെയ്‌തെങ്കിലും ചിലർ മരണത്തിന് കീഴടങ്ങുകയും മറ്റുചിലർ ഉള്ളതെല്ലാം വിട്ടുകൊടുത്ത് ഒന്നുമില്ലാത്തവരായി ജീവിക്കുകയും ചെയ്തു.


ചർച്ച് സ്ക്വയറിലെ ഒരു ആകർഷണമായിരുന്നു രണ്ട് കുരിശുകൾ. നിനെവേയിലെ ബാഗ്ഡെഡിലെ നശിപ്പിക്കപ്പെട്ട പള്ളിയിലെ കത്തിപ്പോയ കസേരകളുടെ അവശിഷ്ടമായ തടി കൊണ്ടുണ്ടാക്കിയ ഒരു കുരിശും കൈകൊണ്ട് നിമ്മിച്ച ലോഹവും തടിയും ചേർന്ന് നിർമ്മിതമായ മൊസൂളിന്റെ മുദ്ര പതിച്ച മറ്റൊരു കുരിശും. ഇറാഖ് ജിയോളജിസ്റ്റ് ഫൈസൽ ജെബർ ആണ് തടികൊണ്ടുള്ള കുരിശിൻറെ നിർമ്മാണത്തിന് നേതൃത്വം കൊടുത്തത്. പാപ്പയുടെ പ്രാർത്ഥനാ വേദിയിൽ ഈ രണ്ട് കുരിശുകളും പാപ്പയുടെ സന്ദർശനത്തിന് മുൻപേ പാപ്പയ്ക്കുവേണ്ടി തയാറാക്കിയിരുന്നു.

അവിടെ നിന്നും ഖറകാഷിലെത്തി 'ചർച്ച്‌ ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസപ്ഷനിൽ' വിശ്വാസികളെ കണ്ട് സംസാരിക്കുകയും ചെയ്തു പാപ്പ. ഒരുകാലത്തു തീവ്രവാദികൾ കത്തിച്ച് കളയുകയും പിന്നീട് പുനർനിർമ്മിക്കുകയും ചെയ്ത പള്ളിയാണ് ഇത്. ഖറകാഷിൽ കുട്ടികൾ പല വിശുദ്ധരുടെയും മാർപാപ്പായുടെയും വേഷത്തിൽ പാപ്പയെ സ്വീകരിക്കാൻ എത്തിയിരുന്നു. അതിലെ ഒരു 'കുഞ്ഞ് പാപ്പാ'
പലരുടെയും ശ്രദ്ധയാകർഷിച്ചു. സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറിയിട്ടുണ്ട് കുഞ്ഞ് പാപ്പാന്റെ വീഡിയോ ക്ലിപ്പ്.



സാധാരണ വത്തിക്കാനിലെ പേപ്പൽ വസതിയിലെ ചെറിയ ജാലകത്തിൽക്കൂടി വത്തിക്കാൻ സ്ക്വയറിൽ കൂടിയിരിക്കുന്ന വിശ്വാസികൾക്ക് ഞായറാഴ്ച സന്ദേശം കൊടുക്കുന്ന പാപ്പ ഈ ഞായറാഴ്ച്ചത്തെ സന്ദേശം കൊടുത്തത് ചരിത്രമുറങ്ങുന്ന, പിതാവായ അബ്രാഹത്തിന്റെ നാടായ ഇറാഖിലെ ഇർബിൽ നിന്നുകൊണ്ടാണ്. ഇർബിലെ സ്റ്റേഡിയത്തിൽ കൂടിയ ആയിരങ്ങൾ മാർപാപ്പ അർപ്പിച്ച ബലിയിൽ പങ്കെടുത്തു.


ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ നശിപ്പിച്ച കന്യാമറിയത്തിന്റെ പ്രതിമ ഫ്രാൻസിസ് മാർപാപ്പ വെഞ്ചരിച്ചു.പ്രതിമയുടെ തലയും കൈകളും മുറിച്ചു മാറ്റിയിരുന്നുവെങ്കിലും പിന്നീട് വീണ്ടെടുത്ത് തല പ്രതിമയോട് ചേർത്ത് വച്ചു. ഇർബിൽ കൂടിയ വിശ്വാസികളോട് പാപ്പ "ഇറാഖിൽ വിശ്വാസം സജീവമാണ്"എന്ന് പറഞ്ഞു. " എനിക്ക് റോമിലേക്ക് പോകാനുള്ള സമയമാകുന്നു. എങ്കിലും ഇറാഖിലെ നിങ്ങൾ എല്ലാവരും എന്നോടൊപ്പം , എന്റെ ഹൃദയത്തിൽ ഉണ്ടാവും" പാപ്പ പറഞ്ഞു. "നിരാശയുടെയും വേദനയുടെയും ദുഖത്തിന്റെയും സ്വരം ഞാൻ ഇവിടെ കേട്ടു അതോടൊപ്പം ആശ്വസത്തിന്റെയും പ്രത്യാശയുടെയും " പാപ്പ പറഞ്ഞു.

തന്റെ ദൗത്യം പൂർത്തിയാക്കി ഇന്ന് റോമിലേക്ക് മടങ്ങുന്ന പാപ്പ ചരിത്രം സൃഷ്ടിച്ചാണ് മടങ്ങുന്നത്. വേദനയുടെ നടുവിൽ കഴിഞ്ഞിരുന്ന ഇറാഖിലെ വിശ്വാസികൾക്ക് പാപ്പയുടെ സന്ദർശനം കൊടുത്ത ആശ്വാസം ചെറുതല്ല. ഇറാഖ്  സർക്കാർ കൊടുത്ത കനത്ത സുരക്ഷ പാപ്പയ്ക്കുണ്ടായിരുന്നുവെങ്കിലും ലോകം മുഴുവനുമുള്ള വിശ്വാസികൾ പ്രാർത്ഥനയിലൂടെ തീർത്ത ഒരു ശക്തമായ സംരക്ഷണ കവചം പരിശുദ്ധ പിതാവിനുണ്ടായിരുന്നു എന്നതിൽ സംശയമില്ല. താൻ പറയുന്നത് വെറും വാക്കല്ല എന്നും പറയുന്നത്‌ പോലെ  പ്രവർത്തിക്കുമെന്നും വീണ്ടും അടിവരയിട്ടു തെളിയിച്ചിരിക്കുന്നു സഭയുടെ വലിയ മുക്കുവൻ. ' ഫ്രാത്തെലി തുത്തി ' പറച്ചിൽ മാത്രമല്ല , അതിനുവേണ്ടി എന്ത് വെല്ലുവിളിയും സ്വീകരിക്കും എന്നും പാപ്പാ ലോകത്തിന് കാണിച്ച് കൊടുത്തു തന്റെ ഇറാഖ്  യാത്രയിലൂടെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.