പിക്കാസോയുടെ ഒന്‍പത് കലാസൃഷ്ടികള്‍ക്കു ലേലത്തില്‍ കിട്ടിയത് 109 ദശലക്ഷം ഡോളര്‍

പിക്കാസോയുടെ ഒന്‍പത് കലാസൃഷ്ടികള്‍ക്കു ലേലത്തില്‍ കിട്ടിയത് 109 ദശലക്ഷം ഡോളര്‍


ലാസ് വെഗാസ് :മഹാനായ ചിത്രകാരന്‍ പാബ്ലോ പിക്കാസോയുടെ 140-ാം ജന്മദിനത്തോടനുബന്ധിച്ച് ലാസ് വെഗാസില്‍ നടന്ന ലേലത്തില്‍ അദ്ദേഹത്തിന്റെ ഒന്‍പത് കലാസൃഷ്ടികള്‍ വിറ്റു പോയത് 109 ദശലക്ഷം യു. എസ് ഡോളറിന്.

രണ്ട് പതിറ്റാണ്ടിലേറെയായി എംജിഎം റിസോര്‍ട്ട്സിന്റെ ബെല്ലാജിയോ ഗ്യാലറി ഓഫ് ഫൈന്‍ ആര്‍ട്ട്‌സില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഒമ്പത് പെയിന്റിംഗുകളും രണ്ട് സെറാമിക് ശില്‍പ്പങ്ങളുമാണ് ലേലത്തില്‍ വിറ്റത്. ലേലം ഏകദേശം 45 മിനിറ്റ് നീണ്ടുനിന്നതായും 150 ഓളം പേരെ ആകര്‍ഷിച്ചതായും കോടീശ്വരന്മാര്‍ പങ്കെടുത്തതായും സംഘാടകര്‍ പറഞ്ഞു.1917 മുതല്‍ 1969 വരെയുള്ള പിക്കാസോ കലാസൃഷ്ടികളാണ് ലേലത്തില്‍ അവതരിപ്പിച്ചത്.

ചുവപ്പ് കലര്‍ന്ന ഓറഞ്ച് തൊപ്പിവെച്ച സ്ത്രീയുടെ പ്രശസ്ത ചിത്രത്തിന് 40.5 മില്യണ്‍ ഡോളര്‍ കിട്ടി. പിക്കാസോ 1938 ല്‍ വരച്ചതാണിത്. 1980 കളില്‍ നടന്ന ലേലത്തില്‍ ഏകദേശം 900,000 യുഎസ് ഡോളറിന് വിറ്റ ഈ പെയിന്റിംഗ് 1998 ല്‍ കാസിനോ ഗ്രൂപ്പ് ഉടമ സ്റ്റീവ് വൈന്‍ സ്വന്തമാക്കി. എംജിഎം കമ്പനി വൈനില്‍ നിന്ന് മിറാഷ് റിസോര്‍ട്ട് വാങ്ങിയപ്പോള്‍ ഇത് കമ്പനിയുടെ സ്വത്തായി മാറി.

1881 ഒക്ടോബര്‍ 25 -ന് സ്പെയിനിലെ മലാഗയില്‍ ജനിച്ച പിക്കാസോ 1973 -ല്‍ അന്തരിച്ചു. അദ്ദേഹം തന്റെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ഫ്രാന്‍സിലാണ് ചെലവഴിച്ചത്. 70 വര്‍ഷത്തിലേറെ നീണ്ട കലാജീവിതത്തിനിടെ പിക്കാസോ സൃഷ്ടിച്ചത് 13,000-ലധികം പെയിന്റിംഗുകളാണ്്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.