ചോരയൊഴുകുന്ന ചിത്രങ്ങള്‍ക്ക് പിന്നിലെ 'ക്രൂരതയുടെ കഥ'

ചോരയൊഴുകുന്ന ചിത്രങ്ങള്‍ക്ക് പിന്നിലെ 'ക്രൂരതയുടെ കഥ'

ഇറ്റാലിയന്‍ ചിത്രകാരിയായ ആര്‍ട്ടമേസ്യാ ജെന്റിലെസ്‌കി ബറോക് യുഗത്തിലെ അറിയപ്പെടുന്ന കലാകാരിയാണ്. നിശബ്ദവും മനോഹരവുമായ ചിത്രങ്ങള്‍ക്ക് പകരം ചോരയൊഴുകുന്നതും ശബ്ദിക്കുന്നതും വയലന്‍സുള്ളതുമായിരുന്നു അവളുടെ ചിത്രങ്ങള്‍. തന്നെ ബലാത്സംഗം ചെയ്ത പുരുഷനരടക്കമുള്ളവര്‍ക്കെതിരെ നടത്തിയ തുറന്നു പറച്ചിലും പ്രതികരണവുമായിരുന്നു ആ ചിത്രങ്ങളെല്ലാം.

തന്റെ അധ്യാപകനാല്‍ പതിനെട്ടാമത്തെ വയസിലാണ് ജെന്റിലെസ്‌കി ബലാത്കാരം ചെയ്യപ്പെടുന്നത്. എന്നാല്‍ 1612ല്‍ ഏഴ് മാസത്തെ വിചാരണയ്ക്ക് ശേഷം അയാളെ വെറുതെ വിടുകയാണുണ്ടായത്. ഇതോടെ ജെന്റിലെസ്‌കി അവളുടെ ജീവിത്തിലുടനീളം വരയ്ക്ക് പ്രാധാന്യം നല്‍കി. തുടര്‍ന്നുള്ള കാലങ്ങളിലെല്ലാം അവള്‍ വരച്ചു. അത് ചരിത്രത്തിലെ തന്നെ ശ്രദ്ധേയവും അക്രമാസക്തവുമായ വരകളായി മാറി.

ആരാണ് ആര്‍ട്ടമേസ്യാ ജെന്റിലെസ്‌കി?

1953 ജൂലൈ എട്ടിനാണ് ജെന്റിലെസ്‌കി ജനിച്ചത്. പിതാവ് ഒരാസിയോയില്‍ നിന്നാണ് അവള്‍ വര പരിശീലിച്ചത്. റോമില്‍ വളര്‍ന്ന ഒരു കുട്ടിയെന്ന നിലയില്‍ കരവാജിയോയുടെ ചിത്രങ്ങള്‍ കണ്ടും ഇഷ്ടപ്പെട്ടുമാണ് അവള്‍ വളര്‍ന്നത്. ജെന്റിലെസ്‌കിയുടെ കുടുംബ സുഹൃത്ത് കൂടിയായിരുന്നു അദ്ദേഹം. അച്ഛനെയും മകളെയും അവരുടെ വരയും കാണാനായി അദ്ദേഹം ഇടയ്‌ക്കെല്ലാം അവരുടെ വീട് സന്ദര്‍ശിച്ചിരുന്നു. അങ്ങനെ അച്ഛനിലൂടെയും സുഹൃത്തുക്കളിലൂടെയും അവള്‍ വരയെ അടുത്ത് പരിചയപ്പെട്ടു.

1612ല്‍ ജെന്റിലെസ്‌കിയുടെ പിതാവ് തന്നെ തന്റെ മകള്‍ വരയില്‍ ഏറെ കഴിവുള്ളവളാണെന്ന് തിരിച്ചറിഞ്ഞു. അതേവര്‍ഷം തന്നെ ഒരാസിയോ അവള്‍ക്കായി ഒരു അധ്യാപകനെയും നിയമിച്ചു. അഗസ്റ്റിനോ ടാസി എന്നായിരുന്നു അയാളുടെ പേര്. എന്നാല്‍, ആ ദുഷ്ടനായ മനുഷ്യന്‍ അവളെ ബലാത്സംഗം ചെയ്തു. പതിനെട്ടാമത്തെ വയസിലാണ് അധ്യാപകനാല്‍ ജെന്റിലെസ്‌കി ബലാത്സംഗം ചെയ്യപ്പെടുന്നത്.

എന്നാല്‍ വിചാരണയിലുടനീളം പീഡിപ്പിക്കപ്പെട്ടത് ജെന്റിലെസ്‌കി ആയിരുന്നു. അയാളെ കോടതി വെറുതെ വിടുകയാണുണ്ടായത്. തന്നെ പീഡിപ്പിച്ചയാള്‍ ശിക്ഷയൊന്നും കിട്ടാതെ നടന്നു പോവുന്നത് കണ്ടിട്ടും ജെന്റിലെസ്‌കി തോറ്റുകൊടുക്കാന്‍ തയ്യാറായില്ല. പിന്നീടുള്ള തന്റെ ജീവിതമത്രയും കരുത്തരായ സ്ത്രീകളെ വരയ്ക്കാനായി അവള്‍ ചെലവഴിച്ചു.

വിചാരണക്കു ശേഷം പിതാവ് അവളുടെ വിവാഹം നടത്തി. പിന്നീട് അവള്‍ റോം വിട്ടു ഫ്‌ളോറന്‍സിലേക്ക് പോയി. അവിടെ അവള്‍ സ്വന്തം സ്റ്റുഡിയോ തുടങ്ങി. വരയ്ക്കാന്‍ ആരംഭിച്ചു. അവളുടെ വരകളിലുടനീളം അക്രമാസക്തയായി നില്‍ക്കുന്ന ഒരു സ്ത്രീയെ കാണാം. അത് ആ സ്ത്രീയുടെ പ്രതികാരമാണ്.

സൂസന്ന ആന്‍ഡ് ദ എല്‍ഡേഴ്‌സ് എന്ന 1610ല്‍ ജെന്റിലസ്‌കി ആദ്യമായി വരച്ച ചിത്രത്തില്‍ ഒരു സ്ത്രീയെ ഉപദ്രവിക്കാന്‍ തക്കവണ്ണം നോക്കി നില്‍ക്കുന്ന രണ്ട് പ്രായമായവരെ കാണാം. നായികയുടെ ദുരവസ്ഥയാണ് വില്ലന്മാരിലെ ആനന്ദത്തേക്കാള്‍ ആ ചിത്രത്തില്‍ മുഴച്ചു നില്‍ക്കുന്നത്.

തന്റെ പെയിന്റിംഗിലൂടനീളം അവള്‍ സ്ത്രീകളെ ചിത്രീകരിക്കാന്‍ ശ്രമിച്ചു. അതില്‍, ക്ലിയോപാട്ര, മഗ്ദലന മറിയം, പരിശുദ്ധ മറിയം എന്നിവരൊക്കെ ഉള്‍പ്പെടുന്നു. ഒപ്പം തന്നെ അവള്‍ തന്നെത്തന്നെയും വരച്ചു. കരുത്തുറ്റ ഒരു ചിത്രകാരിയായാണ് അവള്‍ തന്നെത്തന്നെ അടയാളപ്പെടുത്തിയത്. പതിനേഴാം നൂറ്റാണ്ടില്‍ യൂറോപ്പിലെ തന്നെ അറിയപ്പെടുന്ന ചിത്രകാരിയായി ജെന്റിലെസ്‌കി മാറി.

പല പ്രധാനപ്പെട്ട ആര്‍ട്ടിസ്റ്റ് അക്കാഡമികളിലെയും അംഗമായിരുന്നു അവള്‍. മൈക്കലാഞ്ചലോ വരെ ഉള്‍പ്പെടുന്ന ഒരു സൊസൈറ്റിയിലും അവള്‍ അംഗമായി. അക്കാഡമി അംഗത്വം ഒരാള്‍ക്ക് തന്റെ ചിത്രം വില്‍ക്കാനും മറ്റും പൂര്‍ണാധികാരം ഉറപ്പിക്കുന്ന ഒന്നായിരുന്നു. പിന്നീടുള്ള കാലം മുഴുവന്‍ അവള്‍ വരച്ചു, സ്വതന്ത്രമായി ജീവിച്ചു. മക്കളുണ്ടായി. അതില്‍ രണ്ടുപേര്‍ പില്‍ക്കാലത്ത് പെയിന്റര്‍മാരായി. ഏതായാലും തന്റെ ജീവിതത്തിലുടനീളം കലയിലൂടെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ഉറക്കെ ശബ്ദിച്ചയാളായിരുന്നു ജെന്റിലെസ്‌കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.