കത്തോലിക്ക കോൺഗ്രസ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടപെടും: മാർ പീറ്റർ കൊച്ചുപുരക്കൽ

കത്തോലിക്ക കോൺഗ്രസ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടപെടും: മാർ പീറ്റർ കൊച്ചുപുരക്കൽ

കൊച്ചി: വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കത്തോലിക്ക കോൺഗ്രസ് ശക്തമായി ഇടപെടുമെന്ന് പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ പാലക്കാട് യുവക്ഷേത്രയിൽ നടത്തപ്പെടുന്ന നാഷണൽ യൂത്ത് കോൺഫറൻസ് 'എൻ വൈ സി 2K25' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.

സമുദായ ശാക്തീകരണത്തിൽ സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസിന്റെ ക്രിയാത്മകമായ ഇടപെടലുകൾക്ക് കൂടുതൽ കരുത്തും വേഗവും പകരാൻ യുത്ത് കൗൺസിലിന് കഴിയണം എന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. ഗ്ലോബൽ യൂത്ത് കൗൺസിൽ ജനറൽ കോ-ഓർഡിനേറ്റർ സിജോ ഇലന്തൂർ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ സന്ദേശം നൽകി.

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, പാലക്കാട് രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമുട്ടിൽ, ഗ്ലോബൽ ഭാരവാഹികളായ തോമസ് ആൻ്റണി, ബെന്നി ആൻ്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, ജോയ്‌സ് മേരി ആന്റണി, ഡെന്നി തെങ്ങുംപള്ളിൽ, പാലക്കാട് രൂപത പ്രസിഡൻ്റ് അഡ്വ. ബോബി ബാസ്റ്റിൻ, ആൻ്റണി കുറ്റിക്കാടൻ, എബി വടക്കേക്കര തുടങ്ങിയവർ പ്രസംഗിച്ചു. യൂത്ത് കോൺഫറൻസിനു മുന്നോടിയായി ഗ്ലോബൽ പ്രസിഡൻ്റ പ്രഫ. രാജീവ് കൊച്ചുപറമ്പിൽ പതാക ഉയർത്തി.

രാഷ്ട്രീയ, മാധ്യമ മേഖലകളിലെ യുവജനങ്ങളുടെ പങ്കാളിത്തവും സമുദായിക സംഘടനാ പ്രവർത്തനങ്ങളുമാണ് യൂത്ത് കോൺഫറൻസിൽ മുഖ്യ പഠന വിഷയങ്ങളാകുന്നത്. സാമൂഹിക രാഷ്ട്രീയ സാമുദായിക മേഖലകളിലെ പ്രമുഖർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

പാനൽ ചർച്ചകൾ, സെമിനാറുകൾ, സംവാദങ്ങൾ എന്നിവ കോൺഫെറെൻസിന്റെ ഭാഗമായി നടക്കും. വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രത്യേക വിഷയമായി കോൺഫ്രൻസ് പരിഗണിച്ച് പരമാവധി യുവജനങ്ങൾ നേതൃത്വത്തിലേക്ക് കടന്നു വരുന്നതിനുള്ള പദ്ധതികൾ രൂപീകരിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.