വത്തിക്കാൻ സിറ്റി: സാധാരണക്കാരൻ പാപ്പ പദവിയിലേക്ക് ഉയരുന്നതിന്റെ അസാധാരണമായ വഴികൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടി ലിയോ പതിനാലാമൻ പാപ്പയുടെ ജീവിതം ആസ്പദമാക്കി 'ലിയോ ഫ്രം ചിക്കാഗോ' എന്ന ഡോക്യുമെന്ററി പുറത്തിറങ്ങി.
വത്തിക്കാനിലെ ഡിക്കാസ്റ്ററി ഫോർ കമ്മ്യൂണിക്കേഷൻസ്, ചിക്കാഗോ അതിരൂപത, സോവർ ന്യൂ ഇവാഞ്ചലൈസേഷൻ അപ്പസ്തോലേറ്റ് എന്നിവർ സംയുക്തമായാണ് 50 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം നിർമ്മിച്ചത്. വത്തിക്കാൻ ഫിലിം ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം നടന്നു.
ചിക്കാഗോയുടെ പ്രാന്തപ്രദേശമായ ഡോൾട്ടണിലെ സാധാരണ ബാല്യകാലം മുതൽ, റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് ലിയോ പതിനാലാമൻ പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതു വരെയുള്ള നിർണ്ണായക ഘട്ടങ്ങളാണ് ഡോക്യുമെന്ററി ചർച്ച ചെയ്യുന്നത്.
1955 ൽ ജനിച്ച റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിന്റെ വ്യക്തി ജീവിതം അടുത്തറിയാൻ സഹായിക്കുന്ന നിരവധി അഭിമുഖങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇടവകാംഗങ്ങൾ, കുടുംബാംഗങ്ങൾ, സഹപാഠികൾ, സഹ അഗസ്തീനിയൻ സന്യാസിമാർ എന്നിവർ പാപ്പയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നു.
തെക്കേ അമേരിക്കയിലെ അദേഹത്തിന്റെ മിഷനറി പ്രവർത്തനങ്ങൾ വിവരിക്കുന്ന മുൻ ഡോക്യുമെന്ററിയായ 'ലിയോൺ ഡി പെറു'വിന്റെ തുടർച്ചയായാണ് ഈ ചിത്രം എത്തുന്നത്. ഇംഗ്ലീഷ്, ഇറ്റാലിയൻ, സ്പാനിഷ് ഭാഷകളിൽ ചിത്രം ഇപ്പോൾ വത്തിക്കാൻ ന്യൂസ് യൂട്യൂബ് ചാനലുകളിൽ ലഭ്യമാണ്. ദൈവവിളിയുടെ അസാധാരണ വഴികളിലൂടെയുള്ള ഒരു യാത്രയാണ് ഈ ഡോക്യുമെന്ററി. ഇത് ലിയോ പാപ്പയെ അടുത്തറിയാൻ സഭാംഗങ്ങളെ സഹായിക്കുമെന്നാണ് പ്രതീക്ഷ.