ഡല്‍ഹി സ്ഫോടനം അന്വേഷിക്കാന്‍ എന്‍ഐഎയുടെ പത്തംഗ സംഘം; വിജയ് സാക്കറെ നേതൃത്വം നല്‍കും

ഡല്‍ഹി സ്ഫോടനം അന്വേഷിക്കാന്‍ എന്‍ഐഎയുടെ പത്തംഗ സംഘം;  വിജയ് സാക്കറെ നേതൃത്വം നല്‍കും

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ട സ്ഫോടനത്തില്‍ വിശദമായ അന്വേഷണത്തിന് എന്‍ഐഎ പത്തംഗ സംഘം രൂപീകരിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വിജയ് സാക്കറെയുടെ നേതൃത്വത്തിലാണ് അന്വേഷണം.

വിജയ് സാക്കറെയ്ക്ക് പുറമേ ഒരു ഐജി, രണ്ട് ഡിഐജിമാര്‍, മൂന്ന് എസ്പിമാര്‍, ഡിഎസ്പിമാര്‍ എന്നിവരടങ്ങുന്നതാണ് ടീം. പൊലീസില്‍ നിന്നും എന്‍ഐഎ അന്വേഷണം ഏറ്റെടുത്തു.

ചെങ്കോട്ടയ്ക്ക് സമീപം കാറില്‍ സ്ഫോടനം നടത്തിയ ഡോ. ഉമര്‍ നബി ആണ് വൈറ്റ് കോളര്‍ ഭീകരസംഘ തലവന്‍ എന്നാണ് അന്വേഷണ സംഘത്തിന് മനസിലായത്. ഇയാളടങ്ങുന്ന സംഘത്തിന് ഭീകര സംഘടന ജെയ്ഷെ മുഹമ്മദുമായുള്ള ബന്ധവും തെളിഞ്ഞു. സ്ഫോടന സമയത്തെ കൂടുതല്‍ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. സ്‌ഫോടനം നടന്നയുടന്‍ സിഗ്‌നലിലെ ക്യാമറ പ്രവര്‍ത്തന രഹിതമായിരുന്നു.

സ്ഫോടനത്തിന് മുന്‍പുള്ള ദിവസങ്ങളിലും ഡോ. ഉമര്‍ നബി ഇവിടെ വന്നിരുന്നു എന്ന് തെളിഞ്ഞു. ഈ ദിവസങ്ങളില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച വിവിധ ദൃശ്യങ്ങളില്‍ സ്ഫോടനത്തിനുപയോഗിച്ച കാര്‍ കാണാം.

ഫരീദാബാദിലും ഡല്‍ഹിയിലും വലിയ ആക്രമണത്തിനാണ് വൈറ്റ് കോളര്‍ ഭീകരസംഘം പദ്ധതിയിട്ടത്. 3200 കിലോ സ്ഫോടക വസ്തുക്കളാണ് ഭീകരര്‍ക്ക് ലഭിച്ചത്. ഇതുവരെ 2900 കിലോ സ്ഫോടക വസ്തുക്കളാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

ആഭ്യന്തര മന്ത്രാലയം ഇന്നലെയാണ് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയത്. ജമ്മു കാശ്മീര്‍ പൊലീസ്, ഡല്‍ഹി പൊലീസ്, ഹരിയാന പൊലീസ് എന്നിവരില്‍ നിന്ന് ജെയ്ഷെ മോഡ്യൂളുമായി ബന്ധപ്പെട്ട എല്ലാ കേസ് ഡയറികളും എന്‍ഐഎ സംഘം ഏറ്റെടുക്കുമെന്നാണ് വിവരം.

എന്‍ഐഎ ഡയറക്ടര്‍ ജനറല്‍, ഐബി മേധാവി എന്നിവര്‍ കേസിലെ അന്വേഷണ പുരോഗതി ചര്‍ച്ച ചെയ്യും. കൂടുതല്‍ ആളുകള്‍ സ്ഫോടന സംഘത്തിലുണ്ടെന്നാണ് എന്‍ഐഎയ്ക്ക് ലഭിച്ച സൂചന.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.