പി.എം ശ്രീയില്‍ നിന്ന് പിന്മാറി സംസ്ഥാന സര്‍ക്കാര്‍; തുടര്‍ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന് കേന്ദ്രത്തിന് കത്തയച്ചു

പി.എം ശ്രീയില്‍ നിന്ന് പിന്മാറി സംസ്ഥാന സര്‍ക്കാര്‍; തുടര്‍ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന് കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പി.എം ശ്രീ പദ്ധതിയില്‍ നിന്ന് കേരളം പിന്മാറി. ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു.

ഇതുവരെയും കത്തയക്കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രിമാരായ കെ. രാജനും പി പ്രസാദും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്നാണ് കേന്ദ്രത്തിന് കത്തയച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി കത്തിന്റെ കാര്യം അറിയിച്ചത്.

പി.എം ശ്രീ പദ്ധതിയിലെ തുടര്‍ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് അയക്കാത്തതില്‍ സിപിഐയ്ക്ക് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തേ പുറത്തു വന്നിരുന്നു. രാഷ്ട്രീയ തീരുമാനം എടുത്തിട്ടും കത്ത് അയക്കാന്‍ വൈകുന്നതിലായിരുന്നു അതൃപ്തി.

എസ്എസ്‌കെ (സമഗ്ര ശിക്ഷ കേരള) വിഹിതത്തില്‍ 109 കോടി കേന്ദ്രം അനുവദിച്ചിരുന്നു. ഇതില്‍ 92.4 കോടി കഴിഞ്ഞ ദിവസം കേരളത്തിന് ലഭിച്ചു. ശേഷിക്കുന്ന 17.6 കോടി ഇൗയാഴ്ച തന്നെ നല്‍കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പി.എം ശ്രീയില്‍ ഒപ്പിടാത്തതുമൂലം നേരത്തെ തടഞ്ഞുവച്ച ഫണ്ടാണിത്.

പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടെങ്കിലും തല്‍കാലം നടപ്പാക്കാനാകില്ലെന്ന് കേന്ദ്രത്തെ അറിയിക്കാനാണ് കത്തയച്ചത്. ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ തയ്യാറാക്കിയ കത്ത് മുഖ്യമന്ത്രി കണ്ടശേഷം പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയുടെ ഓഫീസിലെത്തിയിരുന്നു. പിന്നീട് അഡ്വക്കേറ്റ് ജനറലിന്റെ പരിശോധനയ്ക്ക് ശേഷം വകുപ്പ് സെക്രട്ടറി തന്നെയാണ് കേന്ദ്രത്തിന് കത്തയച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.