ചെടികള്‍ മുതല്‍ അലങ്കാര മത്സ്യങ്ങള്‍ വരെ ഓട്ടോറിക്ഷയില്‍

ചെടികള്‍ മുതല്‍ അലങ്കാര മത്സ്യങ്ങള്‍ വരെ ഓട്ടോറിക്ഷയില്‍

 സ്വന്തം വീടും നാടും എന്നൊക്കെ ഉള്ളത് പലര്‍ക്കും പ്രിയപ്പെട്ടതാണ്. ജോലിക്കും പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമെല്ലാം വേണ്ടി വീട്ടില്‍ നിന്നും മാറി നില്‍ക്കുമ്പോള്‍ ഗൃഹാതുരത്വം വല്ലാതെ അലട്ടാറുണ്ട് പലരേയും. സ്വന്തം വീടിന്റേയും ഗ്രാമത്തിന്റേയും എല്ലാം ഓര്‍മ്മകള്‍ വല്ലാതെ അലട്ടിയപ്പോള്‍ അതിനെ മറികടക്കാന്‍ തികച്ചും വ്യത്യസ്തമായ ഒരു ആശയം അവതരിപ്പിച്ചിരിക്കുകയാണ് സുജിത് ദിഗല്‍ എന്ന ഓട്ടോ റിക്ഷാ ഡ്രൈവര്‍.

ഓട്ടോറിക്ഷയെ മനോഹരമായ ഒരു പൂങ്കവനമാക്കി മാറ്റിയിരിക്കുകയാണ് ഇദ്ദേഹം. സുജിത്തിന്റെ ഓട്ടോ റിക്ഷയില്‍ ചെടികളുണ്ട്, പൂക്കളുണ്ട്, അലങ്കാര മത്സ്യങ്ങളുണ്ട്, പക്ഷികളുണ്ട്, എന്തിനേറെ മുയലു വരെയുണ്ട്. ഒഡീഷയിലെ ഭുവനേശ്വറിലാണ് സുജിത് ഓട്ടോറിക്ഷ ഓടിക്കുന്നത്. അതും വലിയൊരു നഗരത്തില്‍. തിരക്കു പിടിച്ച നഗര ജീവിതത്തില്‍ ജോലി ചെയ്യുമ്പോള്‍ സ്വന്തം ഗ്രാമത്തെക്കുറിച്ചും അവിടുത്തെ പച്ചപ്പിനെ കുറിച്ചുമെല്ലാം സുജിത് ഓര്‍ക്കാറുണ്ട്. പലപ്പോഴും ആ ഓര്‍മ്മകള്‍ അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു.


കാന്ധമാലിലെ ഒരു ഗ്രാമത്തിലാണ് സുജിത്തിന്റെ വീട്. പ്രകൃതിയോട് വളരെയേറെ ഇണങ്ങി നില്‍ക്കുന്ന പ്രദേശമാണ് അവിടം. എന്നാല്‍ ജോലി നഗരത്തിലായതിനാല്‍ പലപ്പോഴും അദ്ദേഹത്തിന് സ്വന്തം ഗ്രാമത്തില്‍ പോകാന്‍ സാധിക്കുന്നില്ല. പ്രത്യേകിച്ച് കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍. അങ്ങനെയാണ് ഗ്രാമത്തിന്റെ ഓര്‍മകളുണര്‍ത്തുന്ന പൂന്തോട്ടം സ്വന്തം ഓട്ടോ റിക്ഷയില്‍ തന്നെ ഒരുക്കാന്‍ സുജിത് തയാറായത്.

പലരും സുജിത്തിന്റെ ആശയത്തെ പ്രശംസിക്കുന്നു. ഓട്ടോ റിക്ഷയില്‍ ഇത്തരത്തില്‍ ചെടികള്‍ വളര്‍ത്തുന്നത് നല്ലതാണെന്ന് പറയുന്നവരാണ് അധികവും. എന്നാല്‍ ചിലര്‍ വളര്‍ത്തു മൃഗങ്ങളേയും പക്ഷികളേയും ഓട്ടോ റിക്ഷയില്‍ വയ്ക്കുന്നതിനെ പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്നാണ് പറയുന്നത്. വാഹനത്തിലെ മൃഗങ്ങളുടെ സുരക്ഷയെക്കുറിച്ചും ചിലര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. എന്തായാലും സുജിത്തിന്റെ ഓട്ടോറിക്ഷയിലെ പൂങ്കാവനം സൈബര്‍ ഇടങ്ങളില്‍ വൈറലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.