ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ടിടത്തുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അതേസമയം അനന്ദ്നാഗ് ജില്ലയിൽ സി.ആർ.പി.എഫ് ബങ്കറിന് നേരെ ഗ്രനേഡ് ആക്രമണമുണ്ടായി.
ശ്രീനഗറിൽ ആയുധധാരികളായ ഭീകരർ ജനങ്ങൾക്ക് നേരെ വെടിയുതിർത്തു. ആറ് മണിക്കൂറുകൾക്കിടെയാണ് വെടിവെപ്പുകളുണ്ടായത്. വെടിവെപ്പിൽ ശ്രീനഗറിലെ കരൺ നഗർ സ്വദേശിയായ മജീദ് ഗുരു എന്നയാൾ കൊല്ലപ്പെട്ടു. ഇയാളുടെ മുഖത്തും നെഞ്ചിലും വയറ്റിലും വെടിയേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അനന്ദ്നാഗിലെ കെ.പി റോഡിലാണ് സി.ആർ.പി.എഫ് ബങ്കറിന് നേരെ വെടിവെപ്പുണ്ടായത്. ഗ്രനേഡ് ഉപയോഗിച്ചും ആക്രമണം നടത്തിയെങ്കിലും ആർക്കും പരിക്കേറ്റില്ല. സംഭവ സ്ഥലം ഇപ്പോൾ സേനയുടെ നിയന്ത്രണത്തിലാണ്. ശ്രീനഗറിലെ എസ്.ഡി കോളനിയിൽ ഭീകരരുടെ വെടിവെപ്പിൽ പ്രദേശവാസിക്ക് ഗുരുതരമായി പരിക്കേറ്റു. ക്ലോസ് റേഞ്ചിൽ നിന്നാണ് മുഹമ്മദ് ഷാഫി ദാർ എന്നയാൾക്ക് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിലാണ്.