മുംബൈ: സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ചെക്ക് കേസില്‍ പാലാ എം.എല്‍.എ മാണി സി. കാപ്പന് തിരിച്ചടി. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മാണി സി. കാപ്പന് മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതി ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. തടവ് ശിക്ഷയ്ക്ക് പുറമെ 5.30 കോടി രൂപ പലിശ സഹിതം പരാതിക്കാരന് നഷ്ടപരിഹാരമായി നല്‍കാനും കോടതി കര്‍ശന ഉത്തരവിട്ടു.
പ്രവാസി മലയാളിയും പ്രമുഖ വ്യവസായിയുമായ ദിനേശ് മേനോന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക നടപടി. ഉത്തരവ് തിയതി മുതല്‍ ഒരു മാസത്തിനകം വിധിയിലെ തുക പൂര്‍ണമായി അടച്ചുതീര്‍ക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. നിശ്ചിത കാലാവധിക്കുള്ളില്‍ പണം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ മൂന്ന് മാസം കൂടി അധികമായി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും മജിസ്ട്രേറ്റ് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
അതേസമയം കോടതി വിധിച്ച തടവ് ശിക്ഷ ഒരു വര്‍ഷം മാത്രം ആയതിനാല്‍ മാണി സി. കാപ്പന് നിലവില്‍ എം.എല്‍.എ സ്ഥാനത്തിന് അയോഗ്യത അടക്കമുള്ള ഭീഷണികളില്ല. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും വിധിക്കെതിരെ നിയമപരമായ തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും മാണി സി. കാപ്പന്‍ പ്രതികരിച്ചു.