തിരുവനന്തപുരം: കേന്ദ്ര മന്ത്രിസഭാ പുനസംഘടനയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവേ കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപി സി. സദാനന്ദന്റെ പേര് സജീവ പരിഗണനയിലെന്ന് വിവരം.
രാജ്യസഭാ കാലാവധി പൂര്‍ത്തിയായതോടെ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന് ജൂണില്‍ രാജി വച്ചതോടെ കേന്ദ്ര മന്ത്രിസഭയിലെ സംസ്ഥാനത്തിന്റെ പ്രാതിനിധ്യം സുരേഷ് ഗോപി മാത്രമാണ്. ഈ മാസം തന്നെ കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടാമതൊരു ഊഴം കൂടി ജോര്‍ജ് കുര്യന് നല്‍കേണ്ടതില്ലെന്ന് ബിജെപി ദേശീയ നേതൃത്വം തീരുമാനിച്ചതോടെയാണ് മന്ത്രിസഭയില്‍ സംസ്ഥാനത്തിന്റെ പ്രാതിനിധ്യം ഒന്നായി ചുരുങ്ങിയത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ കണ്ണൂര്‍ സ്വദേശി സി, സദാനന്ദനെ 2025 ജൂലൈയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് രാജ്യസഭയിലേക്ക നോമിനേറ്റ് ചെയ്തത്.
സി. സദാനന്ദന് രാജ്യസഭ അംഗമാകുന്നതില്‍ നിര്‍ണായകമായത് ആര്.എസ്.എസ് ഇടപെടലാണ്. സിപിഎമ്മിന്റെ രാഷ്ട്രീയ അക്രമങ്ങള്‍ തുറന്നു കാട്ടുകയും ഇതിലൂടെ ലക്ഷ്യമിട്ടു. 1994 ല്‍ സിപിഎം ആക്രമണത്തില്‍ സി. സദാനന്ദന്റെ രണ്ട് കാലുകളും നഷ്ടമായിരുന്നു. സി സദാനന്ദനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് ബിജെപി സംസ്ഥാനഘടകത്തിനൊപ്പം ആര്.എസ്.എസും പിന്തുണ അറിയിച്ചതായാണ് വിവരം.
സദാനന്ദനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് പാര്‍ട്ടിക്ക് വലിയ ഗുണം ചെയ്യുമെന്ന് ഒരു ബിജെപി നേതാവ് പറഞ്ഞു. അതിന്റെ നേട്ടം പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പിലും സംഘടനാ തലത്തിലും ലഭിക്കും. കൂടാതെ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ഒരുപോലെ രാഷ്ട്രീയമായി നേരിടാന്‍ കഴിവുള്ള ഒരു നേതാവ് മന്ത്രിസഭയില്‍ ഉണ്ടാകണമെന്ന് പാര്‍ട്ടി ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.