ആത്മീയ ഉണർവേകി എസ്.എം.വൈ.എം ന്യൂസിലൻഡ് ‘ദി പ്രൊക്ലെയിം 26’ റീജിയണൽ യൂത്ത് കോൺഫറൻസ് സമാപിച്ചു

ആത്മീയ ഉണർവേകി എസ്.എം.വൈ.എം ന്യൂസിലൻഡ് ‘ദി പ്രൊക്ലെയിം 26’ റീജിയണൽ യൂത്ത് കോൺഫറൻസ് സമാപിച്ചു

ഓക്‌ലൻഡ്: ന്യൂസിലൻഡിലുടനീളമുള്ള യുവജനങ്ങളിൽ ആത്മീയ ഉണർവും വിശ്വാസ നവീകരണവും പകർന്നുനൽകി സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) ന്യൂസിലൻഡ് സംഘടിപ്പിച്ച “ദി പ്രൊക്ലെയിം 26” റീജിയണൽ യൂത്ത് കോൺഫറൻസ് വിജയകരമായി സമാപിച്ചു. വിവിധ മേഖലകളിലുള്ള യുവജനങ്ങളെ ഒന്നിപ്പിച്ച് ആത്മീയ വളർച്ചയ്ക്കും വിശ്വാസ ദാർഢ്യത്തിനും പ്രചോദനമേകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സമ്മേളനത്തിൽ ശ്രദ്ധേയമായ പങ്കാളിത്തമാണ് ദൃശ്യമായത്.

ഹാമിൽട്ടൺ, വാംഗരെയ്, ഓക്‌ലൻഡ്, ഹേസ്റ്റിംഗ്സ്, പാമർസ്റ്റൺ നോർത്ത്, വെല്ലിംഗ്ടൺ, ടൗരംഗ, ക്രൈസ്റ്റ്ചർച്ച്, ഡുനീഡിൻ തുടങ്ങി ന്യൂസിലൻഡിലെ വിവിധ കേന്ദ്രങ്ങളിലായിട്ടാണ് സമ്മേളനങ്ങൾ നടന്നത്. ക്രൈസ്തവ വിശ്വാസത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും ദൈനംദിന ജീവിതത്തിൽ ക്രിസ്തീയ മൂല്യങ്ങൾ പ്രാവർത്തികമാക്കാനും സഹായിക്കുന്ന ആത്മീയ സെഷനുകൾ, ചർച്ചകൾ, ആരാധനാനുഭവങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.

മെൽബൺ എപ്പാർക്കിയിലെ മിഷനറിയായ കെവിൻ ജോഷ്വ കോൺഫറൻസിന് നേതൃത്വം നൽകി. യുവജനങ്ങളുടെ ജീവിതാനുഭവങ്ങളുമായി ബന്ധിപ്പിച്ച് അദ്ദേഹം പങ്കുവെച്ച ലളിതവും പ്രചോദനാത്മകവുമായ സന്ദേശങ്ങൾ ശ്രദ്ധേയമായി. വിശ്വാസജീവിതത്തെ കൂടുതൽ സജീവവും അർത്ഥപൂർണവുമാക്കേണ്ടതിന്റെ ആവശ്യകത അദേഹം ഊന്നിപ്പറഞ്ഞു. വിവിധ മേഖലകളിൽ നടന്ന ക്ലാസുകൾ യുവജനങ്ങളിൽ വലിയ ആത്മീയ പരിവർത്തനത്തിന് വഴിതുറന്നതായി സംഘാടകർ വ്യക്തമാക്കി.

വിവിധ മിഷനുകളിലെ ചാപ്ലിൻമാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, യൂത്ത് അനിമേറ്റർമാർ, കമ്മ്യൂണിറ്റി അംഗങ്ങൾ എന്നിവർ പരിപാടിയുടെ വിജയത്തിനായി സജീവമായി പ്രവർത്തിച്ചു. സീറോ മലബാർ മിഷൻ ന്യൂസിലൻഡ് കോ-ഓർഡിനേറ്റർ റവ. ഫാ. ജോസഫ് C.Ss.R. സമ്മേളനത്തിന്റെ ആസൂത്രണം മുതൽ സമാപനം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും പിന്തുണയും നൽകി. യുവജന ശുശ്രൂഷയുടെ പ്രാധാന്യം എടുത്തുപറഞ്ഞ അദേഹം ഇത്തരം ആത്മീയ മുന്നേറ്റങ്ങൾ ഭാവിയിലും കൂടുതൽ ഊർജ്ജസ്വലമായി തുടരേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചു.

ന്യൂസിലൻഡിലെ സീറോ മലബാർ യുവജന ശുശ്രൂഷാ ചരിത്രത്തിൽ 'ദി പ്രൊക്ലെയിം 26' ഒരു സുപ്രധാന നാഴികക്കല്ലായി മാറിയെന്നും, വിശ്വാസത്തിൽ കൂടുതൽ വേരൂന്നാനും സമൂഹത്തിൽ ക്രിസ്തുവിന്റെ സാക്ഷികളാകാനും ഈ കൂട്ടായ്മ യുവജനങ്ങൾക്ക് വലിയ പ്രചോദനമായെന്നും എസ്.എം.വൈ.എം ന്യൂസിലൻഡ് ഭാരവാഹികൾ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.