വത്തിക്കാൻ സിറ്റി: വിശുദ്ധരാകാനും തിന്മയെ അതിജീവിക്കുന്ന സ്നേഹപൂർണ്ണമായ തീരുമാനങ്ങൾ കൈക്കൊള്ളാനുമാണ് വിശ്വാസികളായ നാമേവരും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഓർമ്മിപ്പിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. നമ്മുടെ ജീവിതത്തിലെ സ്നേഹവും സമാധാനവും തിന്മയുടെയും അത്യാഗ്രഹത്തിന്റെയുംമേൽ വിജയം നേടണമെന്നാണ് ഇതിൻ്റെ അർഥമെന്ന് മാർപാപ്പ കൂട്ടിച്ചേർത്തു.
സകല വിശുദ്ധരുടെയും തിരുനാൾ ദിനമായ നവംബർ 1 ഞായറാഴ്ച, ത്രികാല പ്രാർത്ഥനയോടനുബന്ധിച്ച് വചനസന്ദേശം നൽകുകയായിരുന്നു പാപ്പാ. അത്യാഗ്രഹത്തിന്റെ കണക്കുകൂട്ടലുകളെയും ചിലപ്പോഴൊക്കെ പ്രബലമെന്നു തോന്നിക്കുന്ന തിന്മയുടെ അഹങ്കാരത്തെയും അതിജീവിക്കുന്ന സ്നേഹപൂർണ്ണമായ പ്രവൃത്തികളും തീരുമാനങ്ങളും ദൈവകൃപയാൽ കൈക്കൊള്ളുന്നതാണ് വിശുദ്ധീകരണം എന്ന് പാപ്പാ വ്യക്തമാക്കി.
വിശുദ്ധീകരണം എന്നത് ചുരുക്കം ചിലർക്ക് മാത്രമായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്ന ഒരു പ്രത്യേക അവകാശമല്ല മറിച്ച്, നാം ജീവിക്കുന്നിടത്തെല്ലാം നാമോരോരുത്തർക്കുമുള്ള സർവ്വത്രികമായ വിളിയാണ്. പ്രധാനപ്പെട്ട സാഹചര്യങ്ങളിൽ എന്നപോലെതന്നെ അനുദിന ജീവിതത്തിലെ സാധാരണ സന്ദർഭങ്ങളിലും സമാധാനം വളർത്തുന്നതിൽ നമുക്ക് ഒരിക്കലും മടുപ്പ് തോന്നാതിരിക്കട്ടെ - പാപ്പാ പറഞ്ഞു.
ഈ തിരുനാൾ നൽകുന്ന പ്രത്യാശ നിറഞ്ഞ സന്ദേശം ഇതാണ്: നമുക്ക് കാണാൻ കഴിയാത്ത നന്മ ദൈവം കാണുന്നു, നമുക്ക് അറിയാത്ത കഥകൾ അവിടന്ന് അറിയുന്നു, നമുക്ക് എത്തിച്ചേരാൻ കഴിയാത്ത ഹൃദയങ്ങളിലേക്ക് അവിടന്ന് എത്തിച്ചേരുന്നു.
നന്മ വിതച്ച അസംഖ്യം സഹോദരീസഹോദരന്മാർ
ക്രിസ്തുവിനെ അനുഗമിച്ചതുവഴി തങ്ങളുടെ ജീവിതങ്ങളെ ദൈവത്തിനും അയൽക്കാർക്കുമുള്ള സമ്മാനമാക്കി മാറ്റിയ അസംഖ്യം സ്ത്രീപുരുഷന്മാരെ മാർപാപ്പ അനുസ്മരിച്ചു. ഇവരിൽ സഭ ഔദ്യോഗികമായി അംഗീകരിച്ച വിശുദ്ധർ മാത്രമല്ല ഉൾപ്പെടുന്നത്. ഈ തിരുനാൾ ദിനത്തിലെ ആരാധനക്രമ വചനഭാഗം വിശേഷിപ്പിക്കുന്നപോലെ 'സകല ജാതികളിൽ നിന്നും ഗോത്രങ്ങളിൽ നിന്നും ഭാഷകളിൽ നിന്നുമായി ആർക്കും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത' (വെളിപാട് 7:9) ഒരു വലിയ സമൂഹമാണ് അത്. സഭ അംഗീകരിച്ച വിശുദ്ധരെയും അതുപോലെതന്നെ അങ്ങനെയല്ലാത്ത, ദൈവം അറിയുന്ന, നിരവധി വിശുദ്ധരെയും ഈ തിരുനാളിൽ നാം അനുസ്മരിക്കുന്നു.
ഇന്നത്തെ സുവിശേഷം (മത്തായി 5:1-12) നമ്മെ ഓർമിപ്പിക്കുന്നതുപോലെ, അവർ ആത്മാവിൽ ദരിദ്രരാണ്, എന്നാൽ ദൈവസ്നേഹത്തിൽ സമ്പന്നരാണ്. അവരുടെ മുഖങ്ങൾ കണ്ണീർകൊണ്ട് നനയുന്നെങ്കിലും പ്രാർത്ഥനയിൽ അവർ ആശ്വാസം കണ്ടെത്തുന്നു.
അക്രമങ്ങൾക്കു മുമ്പിൽ അവർ സൗമ്യരാണ്, കാരണം, അവർ പ്രത്യാശ വച്ചിരിക്കുന്നത് പിതാവിൽ നിന്നുള്ള പ്രതിഫലത്തിലാണ്. അവർ നീതിക്കുവേണ്ടി ദാഹിക്കുന്നവരെങ്കിലും, മനസ്സാക്ഷിയുടെ ആഴങ്ങളിൽ സംതൃപ്തരാണ്. ക്ഷമിക്കുവാൻ അവർ എപ്പോഴും തയ്യാറാണ്, എന്തെന്നാൽ, അവർ ദൈവകരുണയാൽ ആശ്ലേഷിക്കപ്പെട്ടിരിക്കുന്നു. നിരായുധരെങ്കിലും അവർക്ക് ദൈവത്തിൻ്റെ സംരക്ഷണത്തെപ്പറ്റി ഉറപ്പുണ്ട്.
ദൈവം പേർവിളിച്ച സമാധാന സ്രഷ്ടാക്കളാണ് അവർ. പീഡിപ്പിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നവരെങ്കിലും, അവർ വിശ്വാസത്തിലും പരസ്നേഹത്തിലും ശക്തരാണ്. 'കർത്താവിൻ്റെ വചനത്തിൽ വിശ്വസിച്ച പരിശുദ്ധ കന്യകാമറിയം വിശുദ്ധിയുടെ പാതയിൽ ചുവടുകൾ വയ്ക്കാൻ നമ്മെ സഹായിക്കട്ടെ! സമാധാനം സ്ഥാപിക്കുന്നതിൽ നാമൊരിക്കലും ക്ഷീണിതരാകാതിരിക്കട്ടെ!' - ഈ വാക്കുകളോടെ പരിശുദ്ധ പിതാവ് തൻ്റെ സന്ദേശം ഉപസംഹരിച്ചു.