അമേരിക്കന്‍ തിരഞ്ഞെടുപ്പ്: 'ട്രംപന്‍ തോല്‍വി'ക്ക് പിന്നാലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഭിന്നത അധികാരപ്പോരിലേക്ക്

അമേരിക്കന്‍ തിരഞ്ഞെടുപ്പ്: 'ട്രംപന്‍ തോല്‍വി'ക്ക് പിന്നാലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഭിന്നത  അധികാരപ്പോരിലേക്ക്

വാഷിങ്ടണ്‍: അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഭരണം കൈയ്യാളുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ അധികാരപ്പോര് ശക്തമാകുന്നതായി റിപ്പോര്‍ട്ട്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആധിപത്യത്തിന് വെല്ലുവിളിയുയര്‍ത്തി വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, സെനറ്റര്‍ ടെഡ് ക്രൂസ് തുടങ്ങിയ നേതാക്കള്‍ രംഗത്തെത്തിയതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഭാവി നേതൃത്വത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമാകുകയാണ്.

ഇടക്കാല തിരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം നേടിയതോടെ വാഷിങ്ടണിലെ രാഷ്ട്രീയ സാഹചര്യം മാറി. കരോലിന, സൗത്ത് കരോലിന, ടെക്‌സസ്, കന്‍സാസ്, നോര്‍ത്ത് ഒഹായോ. അയോവ തുടങ്ങിയ റിപ്പബ്ലിക്കന്‍ സ്വാധീന മേഖലകളില്‍ പോലും ഡെമോക്രാറ്റുകള്‍ മുന്നേറ്റമുണ്ടാക്കി.

ഇതോടെ 2028 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് റിപ്പബ്ലിക്കന്‍ നേതാക്കള്‍ തങ്ങളുടെ സ്വാധീനമുറപ്പിക്കാന്‍ ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെ പിന്‍ഗാമിയായി ഇതുവരെ വിലയിരുത്തപ്പെട്ടിരുന്ന ജെ.ഡി. വാന്‍സിന്റെ രാഷ്ട്രീയ ഭാവി ഇപ്പോള്‍ തുലാസിലാണ്.

തിരഞ്ഞെടുപ്പില്‍ ട്രംപിനുവേണ്ടി പ്രചാരണം നടത്തിയ വാന്‍സിന് ഭരണകൂടത്തിന്റെ ജനപ്രീതി ഇടിഞ്ഞതില്‍ കാര്യമായ പങ്കുണ്ടെന്നാണ് മറ്റുനേതാക്കളുടെ വാദം. അതേസമയം, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്, ടെഡ് ക്രൂസ് എന്നിവരും ട്രംപിന് ശേഷമുള്ള റിപ്പബ്ലിക്കന്‍ നേതൃത്വത്തിനായുള്ള മത്സരത്തില്‍ സാധ്യതയുള്ളവരാണ്.

തിരഞ്ഞെടുപ്പ് പരാജയത്തെ രൂക്ഷമായി വിമര്‍ശിച്ച് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടെഡ് ക്രൂസ് രംഗത്തെത്തിയിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തോല്‍വിയെ 'ബ്ലൂ സുനാമി' എന്നാണ് ക്രൂസ് വിശേഷിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധി, ജീവിതച്ചെലവിലെ വര്‍ധന, ഇറാനുമായുള്ള യുദ്ധം, ട്രംപ് ഭരണകൂടത്തിന്റെ നയങ്ങള്‍ എന്നിവയിലുള്ള ജനങ്ങളുടെ അതൃപ്തിയാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

പാര്‍ട്ടിയെ പിന്തുണച്ചിരുന്ന യുവാക്കള്‍, കര്‍ഷകര്‍, ഗ്രാമീണ മേഖലകളിലെ ജനങ്ങള്‍, ഹിസ്പാനിക് സമൂഹം, തൊഴിലാളി വര്‍ഗം തുടങ്ങിയ വിഭാഗങ്ങളില്‍ നിന്ന് പാര്‍ട്ടി അകലുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.