പാലത്തിനടിയില്‍ കുടുങ്ങി എയര്‍ ഇന്ത്യ വിമാനം; ആശങ്കയില്‍ ജനം; വിശദീകരണവുമായി അധികൃതര്‍

പാലത്തിനടിയില്‍ കുടുങ്ങി എയര്‍ ഇന്ത്യ വിമാനം; ആശങ്കയില്‍ ജനം; വിശദീകരണവുമായി അധികൃതര്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ഡല്‍ഹി-ഗുരുഗ്രാം ഹൈവേയില്‍ കിടക്കുന്നതു കണ്ട ജനം ആദ്യം അമ്പരന്നു. നടപ്പാലത്തിന്റെ അടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു വിമാനം. എങ്ങിനെയാണ് വിമാനം ഇവിടെയെത്തിയതെന്നായിരുന്നു പലര്‍ക്കും സംശയം. തുടര്‍ന്ന് എയര്‍ ഇന്ത്യ തന്നെ വിശദീകരണം നല്‍കിയതോടെ ആശങ്ക ഒഴിഞ്ഞു.


ഞായറാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം. എയര്‍ ഇന്ത്യ ആക്രിയായി വിറ്റഴിച്ച പഴയൊരു വിമാനം ഉടമസ്ഥന്‍ വലിയ വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെയാണ് നടപ്പാലത്തിനടിയില്‍ കുടുങ്ങിയത്. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായി. വിമാനം മോഷ്ടിക്കപ്പെട്ടതാണോയെന്ന് സംശയം ഉയര്‍ന്നപ്പോഴാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം വന്നത്. എന്നാല്‍ എങ്ങിനെയാണ് ഇത് പാലത്തിനടിയില്‍ കുടുങ്ങിയതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചത്. പാലത്തിനടിയില്‍ വിമാനം കുടുങ്ങിക്കിടക്കുന്നതും സമീപത്തെ റോഡില്‍ കൂടി വാഹനങ്ങള്‍ പോകുന്നതും വീഡിയോയില്‍ കാണാം.

വിമാനത്തിന്റെ മുന്‍ഭാഗം മുതല്‍ പാതിയോളം ഭാഗം പാലം കടന്നുപോയിട്ടുള്ളതായാണ് ദൃശ്യത്തില്‍ വ്യക്തമാകുന്നത്. 2019-ല്‍ ഇതുപോലെയൊരു സംഭവം നടന്നിരുന്നു. പശ്ചിമബംഗാളിലെ ദുര്‍ഗാപൂരിലാണ് അന്ന് ഉപേക്ഷിക്കപ്പെട്ട ഇന്ത്യ പോസ്റ്റ് എയര്‍ക്രാഫ്റ്റുമായി പോയ ട്രക്ക് കുടുങ്ങിയത്. ഡ്രൈവര്‍ക്ക് പാലത്തിന്റെ ഉയരം കൃത്യമായി മനസിലാക്കാന്‍ കഴിയാതെ പോയതാണ് അപകടത്തിന് കാരണമായതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.