ലക്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിലേക്ക് വാഹനമിടിച്ച് കയറി കര്‍ഷകര്‍ അടക്കം ഒമ്പത് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം ധനസഹായവും പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഉറപ്പിന്മേല്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി വിട്ടു നല്‍കി.
കൊല്ലപ്പെട്ട നാല് കര്‍ഷകരുടെയും കുടുംബത്തിന് 45 ലക്ഷം വീതം ധനസഹായവും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. പരിക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപയും നല്‍കും. വിരമിച്ച ഹൈക്കോടതി ജഡ്ജിയെ കൊണ്ട് സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ലഖിംപുര്‍ ഖേരിയില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റ പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ ഇന്ന് മരിച്ചതോടെ സംഭവത്തില്‍ ആകെ മരിച്ചവരുടെ എണ്ണം ഒന്‍പതായി. അതില്‍ നാലു പേര്‍ കര്‍ഷകരാണ്. പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് കുമാര്‍ മിശ്ര വാഹനം ഓടിച്ച് കയറ്റിയെന്നാണ് കര്‍ഷക സംഘടനകളുടെ ആരോപണം.
പ്രതിഷേധം ശക്തമായതോടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് കുമാര്‍ മിശ്ര ഉള്‍പ്പടെ പതിനാലു പേര്‍ക്കെതിരെ കൊലപാതക കുറ്റം ഉള്‍പ്പടെ ചുമത്തി യു പി പൊലീസ് കേസ് എടുത്തു.