ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പുമായി ബിജെപി എം പി വരുണ്‍ ഗാന്ധി. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാന്‍ സാധിക്കില്ലെന്ന് വരുണ്‍ ഗാന്ധി വ്യക്തമാക്കി. പ്രതിഷേധവുമായി മുന്നോട്ട് പോകുകയായിരുന്ന കര്‍ഷകര്‍ക്ക് നേരെ അതിവേഗതയില്‍ എത്തിയ വാഹനം ഇടിച്ചു കയറ്റുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു വരുണിന്റെ മുന്നറിയിപ്പ്.
'വീഡിയോ വളരെ വ്യക്തമാണ്. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാന്‍ സാധിക്കില്ല. ക്രൂരതയും അഹങ്കാരവും പ്രതിഫലിക്കുന്ന ഈ ദൃശ്യങ്ങള്‍ ഓരോ കര്‍ഷകന്റെ മനസ്സിലേക്കും വ്യാപിക്കുന്നതിന് മുമ്പ് നിരപരാധികളായ കര്‍ഷകരുടെ ചോര വീഴ്ചത്തിയവര്‍ ഉത്തരവാദിത്തം ഏല്‍ക്കണം നീതി ലഭ്യമാക്കണം' വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
സംഭവത്തില്‍ ബിജെപിയും കേന്ദ്ര മന്ത്രിയും പ്രതിക്കൂട്ടില്‍ നില്‍ക്കെ ഇത് രണ്ടാം തവണയാണ് വരുണ്‍ ഗാന്ധി ഇത്തരത്തില്‍ പ്രതികരണവുമായി എത്തുന്നത്. ലഖിംപുര്‍ ഖേരിയുടെ സമീപത്തുള്ള പിലിഭിത്തിലെ ബിജെപി എംപിയാണ് വരുണ്‍ ഗാന്ധി.