ന്യൂഡല്‍ഹി: വിമാനത്താവളങ്ങളുടെ മാതൃകയില്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കും യൂസര്‍ ഫീ ഏര്‍പ്പെടുത്തുന്നു. ഇത് സംബന്ധിച്ച ശുപാര്‍ശ റെയില്‍വേ മന്ത്രാലയം മന്ത്രി സഭയുടെ അംഗീകാരത്തിനായി കൈമാറി. ഇക്കാര്യത്തില്‍ മന്ത്രാലയം ഉടന്‍ വിജ്ഞാപനം ഇറക്കിയേക്കുമെന്നാണ് സൂചന.
അടുത്തകാലത്ത് നവീകരിച്ചതോ, പുതുക്കിപ്പണിയാന്‍ പോകുന്നതോ ആയ സ്റ്റേഷനുകളില്‍ നിന്ന് ട്രെയിനില്‍ കയറാന്‍ ഇനി മുതല്‍ യൂസര്‍ ഫീ നല്‍കേണ്ടി വരും. അതുപോലെ, ഈയിടെ നവീകരിച്ചതോ, പുതുക്കിപ്പണിയാന്‍ പോകുന്നതോ ആയ സ്റ്റേഷനുകളില്‍ ഇറങ്ങുന്നതിനും ഫീസ് ഈടാക്കും. 10 മുതല്‍ 50 രൂപ വരെയണ് ഈ ഇനത്തില്‍ ഈടാക്കുക.
വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ടിക്കറ്റ് നിരക്കിനൊപ്പം വിമാനത്താവളത്തിന്റെ യൂസര്‍ ഫീ ചേര്‍ക്കുന്നതു പോലെ സ്റ്റേഷന്റെ യൂസര്‍ ഫീസും റെയില്‍വേ ടിക്കറ്റിനൊപ്പമാകും ചേര്‍ക്കുക. ഉപയോക്താക്കളില്‍ നിന്ന് അഞ്ച് തരത്തിലായിരിക്കും ഫീസ് ഈടാക്കുക. ഒന്നാം ക്ലാസ് എസി ടിക്കറ്റ് എടുക്കുന്നവര്‍ക്കായിരിക്കും ഏറ്റവും ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരിക. തുടര്‍ന്ന് രണ്ടാം ക്ലാസ് എസി, മൂന്നാം ക്ലാസ് എസി, സ്ലീപ്പര്‍ കാറ്റഗറി, റിസര്‍വ് ചെയ്യാത്ത ക്ലാസുകള്‍ എന്നിവയ്ക്കും നിരക്ക് ബാധകമാണ്.