ന്യുഡല്‍ഹി: ജമ്മുകാശ്മീരിലെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഐഎസ്ഐയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഉന്നതതല യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഐ ബി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറി. ഐഎസ്ഐ പിന്തുണയോടെ പാകിസ്ഥാന്‍ ഭീകര സംഘടനകള്‍ നാട്ടുകാരായവരെ റിക്രൂട്ട് ചെയ്ത് ആയുധം നല്‍കി ആക്രമണം നടത്തുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
ജമ്മുകാശ്മീരില്‍ സിക്ക്, ഹിന്ദു വിഭാഗക്കാര്‍ക്ക് നേരെ നടക്കുന്ന ആക്രമണം ഭീകര സംഘടനകളുടെ പുതിയ തന്ത്രമായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കമാണ് ഭീകരരുടേതെന്ന് ഇന്നലെ ജമ്മുകാശ്മീര്‍ ഡിജിപി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സുരക്ഷാ വിലയിരുത്തല്‍ യോഗത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ഐ ബി, ബിഎസ്എഫ്, സിആര്‍പിഎഫ് മേധാവികളും പങ്കെടുത്തു. ജമ്മുകാശ്മീരിലെ സാഹചര്യവും രാജ്യത്തിന്റെ പൊതു സുരക്ഷയും യോഗം വിലയിരുത്തി. അഞ്ച് ദിവസത്തിനിടെ ഏഴ് സാധാരണക്കാരാണ് ജമ്മുകാശ്മീരില്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പട്ടത്.
ഇന്നലെ ശ്രീനഗറിലെ സ്‌കൂളില്‍ എത്തിയ ഭീകരര്‍ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച ശേഷമായിരുന്നു പ്രിന്‍സിപ്പല്‍ സുപീന്ദര്‍ കൗറിനെയും അധ്യാപകനായ ദീപക് ചന്ദിനെയും വെടിവെച്ച് കൊന്നത്. സുപീന്ദര്‍ കൗറിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ നീതി ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു. അതേസമയം ഇന്നലെ സ്‌കൂളില്‍ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ലഷ്‌കര്‍ ഇ തൊയ്ബ ബന്ധമുള്ള ടിആര്‍എഫ് ഏറ്റെടുത്തു.