ലക്‌നൗ: ലഖിംപുരില്‍ കര്‍ഷകരെ വാഹനം കയറ്റി കൊന്ന കേസില്‍ അറസ്റ്റിലായ ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ലഖിപൂര്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി സ്വീകരിച്ചത്.
ആശിഷ് മിശ്രയെ ഒരാഴ്ചയെങ്കിലും കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. ചോദ്യം ചെയ്യലുമായി ആശിഷ് മിശ്ര സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. ആശിഷ് മിശ്രയെ കോടതിയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കോടതി പരിസരത്ത് സുരക്ഷ ശക്തമാക്കിയിരുന്നു.
പതിനൊന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ കൂടിയായ ആശിഷിനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിലേക്ക് വാഹനമിടിച്ചു കയറ്റി കര്‍ഷകരടക്കം ഒന്‍പതുപേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് നടപടി.