ഐ.പി.എല്‍ വാതുവെപ്പ്: മലയാളികളടക്കം 27 പേര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍

ഐ.പി.എല്‍ വാതുവെപ്പ്: മലയാളികളടക്കം 27 പേര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍

ബെംഗളൂരു: ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് മലയാളികളടക്കം 27 പേര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശികളായ ഗോകുല്‍, കിരണ്‍, ബെംഗളൂരുവില്‍ താമസമാക്കിയ മലയാളി സജീവ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘത്തെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇവരില്‍ നിന്ന് 78 ലക്ഷം രൂപയും ലാപ്ടോപ്പുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ചെന്നൈ സ്വദേശികളായ സൂര്യ, കപില്‍ എന്നിവരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. ഗോവ, മഹാരാഷ്ട്ര, കര്‍ണാടക സ്വദേശികളും ഈ സംഘത്തിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

ചെന്നൈ സൂപ്പര്‍ കിങ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മില്‍ നടന്ന ഐ.പി.എല്‍ ഫൈനല്‍ മത്സരവുമായി ബന്ധപ്പെട്ടാണ് വാതുവെപ്പ് നടന്നത്. ബെംഗളൂരുവിലെ ഹോട്ടല്‍ കേന്ദ്രീകരിച്ച് ഓണ്‍ലൈനായാണ് വാതുവെപ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു. നിരവധി മലയാളികള്‍ക്ക് വാതുവെപ്പുമായി ബന്ധമുണ്ടെന്നും ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

ഓണ്‍ലൈന്‍ വാതുവെപ്പിലൂടെ ലക്ഷങ്ങളുടെ ബിസിനസാണ് ഇവര്‍ നടത്തിയത്. രണ്ടാഴ്ച മുന്‍പ് സമാന സാഹചര്യത്തില്‍ രണ്ടുപേരെ ഡല്‍ഹിയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ രണ്ട് കേസുകളും തമ്മില്‍ ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.