ന്യുഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രം വഴിയുള്ള ലഹരിക്കടത്തില്‍ നിര്‍ണായക കണ്ടെത്തലുമായി എന്‍ഐഎ. ഗുജറാത്തിലെ മുന്ദ്ര തുറമുഖം, വിഴിഞ്ഞം എന്നിവിടങ്ങള്‍ വഴിയുള്ള ലഹരിക്കടത്തിന് പിന്നില്‍ ഒരേ സംഘമാണെന്നാണ് റിപ്പോര്‍ട്ട്. മുന്ദ്ര കേസ് അന്വേഷിക്കുന്ന എന്‍ഐഎ ടീം കൊച്ചി യൂണിറ്റില്‍ നിന്ന് വിവരങ്ങള്‍ തേടി.
ഇന്ത്യന്‍ മഹാസമുദ്രം വഴി അഫ്ഗാന്‍ ശ്രീലങ്ക ലഹരിപാത പ്രവര്‍ത്തിക്കുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പലപ്പോഴായി ഈ പാത വഴി കടത്തി. അടുത്തിടെ ഗുജറാത്തിലെ മുന്ദ്ര തുറമുഖം, വിഴിഞ്ഞം എന്നിവിടങ്ങളില്‍ പിടികൂടിയതടക്കം ലഹരിക്കടത്തില്‍ ഒരേ സംഘമാണ് പ്രവര്‍ത്തിക്കുന്നതെന്നും എന്‍ഐഎ കരുതുന്നു.
ലഹരിക്കടത്ത് കേസില്‍ പാക് പൗരന്‍ ഹാജി സലിം സംഘത്തെയും എല്‍ടിടിഇ സ്ലീപ്പര്‍ സെല്ലുകളെയുമാണ് പ്രധാനമായും സംശയിക്കുന്നത്. മുന്ദ്ര കേസില്‍ അറസ്റ്റിലായ തമിഴ് ദമ്പതികളുടെ എല്‍ടിടിഇ ബന്ധം പരിശോധിക്കാന്‍ എന്‍ഐഎ തീരുമാനിച്ചിട്ടുണ്ട്.
കേസിലെ വിദേശ ബന്ധവും, ഭീകരവാദ സാന്നിദ്ധ്യവും കണക്കിലെടുത്ത് ഗൗരവതരമായ അന്വേഷണമാണ് പുരോഗമിക്കുന്നത്. അന്വേഷണത്തില്‍ ഡിആര്‍ഐ, എന്‍സിബി, ഐബി, റോ തുടങ്ങിയ ഏജന്‍സികളും സഹകരിക്കുന്നുണ്ട്.