ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ സുപ്രീം കോടതി നാളെ വിധി പ്രസ്താവിക്കും. കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് നാളെ വിധി പറയുന്നത്. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരെ നിരീക്ഷിച്ചെന്ന അന്വേഷണാത്മക റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഹര്‍ജികള്‍ സുപ്രീം കോടതിക്കു മുന്‍പാകെ എത്തിയത്. ഇസ്രയേലി കമ്പനിയായ എന്‍.എസ്.ഒയാണ് പെഗാസസ് ചാര സോഫ്റ്റ് വെയറിന്റെ നിര്‍മാതാക്കള്‍.
രാഷ്ട്രീയ-മാധ്യമ-സാമൂഹിക പ്രവര്‍ത്തകര്‍ക്കു മേല്‍ ചാരവൃത്തി നടത്തിയെന്ന ആരോപണം അന്വേഷിക്കാന്‍ ടെക്നിക്കല്‍ കമ്മിറ്റി രൂപവത്കരിക്കാന്‍ ആലോചിക്കുന്നതായി കഴിഞ്ഞ മാസം 23ന് നടന്ന വാദത്തിനിടെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.