ന്യൂഡൽഹി: കര്‍ഷകര്‍ക്കെതിരെ കൊലവിളി പ്രസംഗവുമായി ഹരിയാന ബിജെപി എം.പി അരവിന്ദ് ശര്‍മ. കഴിഞ്ഞ ദിവസം കര്‍ഷകര്‍ തടഞ്ഞുവച്ച ബി.ജെ.പി നേതാവ് മനീഷ് ഗ്രോവറിനെ ഇനിയും എതിര്‍ക്കുന്നവരുടെ കണ്ണുകള്‍ പിഴുതെടുക്കുമെന്നും കൈകള്‍ മുറിച്ചെടുക്കുമെന്നുമാണ് ഭീഷണി മുഴക്കിയത്. പൊതുചടങ്ങിനിടെയാണ് ശര്‍മ ഭീഷണി മുഴക്കിയത്.
ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ മനീഷ് ഗ്രോവറിനെ തടഞ്ഞുവെക്കുന്നവരെ കായികമായി നേരിടുമെന്നാണ് ബിജെപി എംപിയുടെ ഭീഷണി. മനീഷ് ഗ്രോവറിനെ ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ അവരുടെ കൈകള്‍ വെട്ടിമാറ്റുമെന്നും കണ്ണുകള്‍ ചുഴ്ന്ന് എടുക്കുമെന്നുമാണ് ഭീഷണി. കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം കേള്‍ക്കാനാണ് താനിക്കാര്യം പറയുന്നതെന്നുമായിരുന്നു ഒരു പൊതു പരിപാടിയില്‍ എംപിയുടെ പ്രസംഗം. പ്രസംഗം വിവാദമായതോടെ പ്രതിഷേധവുമായി കര്‍ഷക നേതാക്കളടക്കം രംഗത്തെത്തി.
ഒരു ഇടവേളയ്ക്ക് ശേഷമാണ് ഹരിയാനയില്‍ കഴിഞ്ഞ ദിവസം കര്‍ഷക പ്രതിഷേധമുയര്‍ന്നത്. കേദാര്‍നാഥ് ക്ഷേത്രത്തില്‍ എത്തിയ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ മനീഷ് ഗ്രോവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ എട്ട് മണിക്കൂറോളം കര്‍ഷകര്‍ തടഞ്ഞുവെക്കുകയായിരുന്നു. കര്‍ഷകസമരം നടത്തുന്നത് തൊഴില്‍ ഇല്ലാത്ത മദ്യപന്മാരായണെന്ന ബിജെപി രാജ്യസഭ എംപി രാമചന്ദ്ര ജന്‍ഗറുടെ പരാമര്‍ശത്തിനെതിരെയായിരുന്നു പ്രതിഷേധം. എംപി പരാമര്‍ശം പിന്‍വലിക്കണമെന്നായിരുന്നു കര്‍ഷകരുടെ ആവശ്യം.