ന്യുഡല്‍ഹി: റഫാല്‍ കരാറിനായി ദസോ ഏവിയേഷന്‍ കൈക്കൂലി നല്‍കിയെന്ന് ഫ്രഞ്ച് മാധ്യമം. 7.5 കോടി മില്യണ്‍ യൂറോ ഇടനിലക്കാരന്‍ സുഷെന്‍ ഗുപ്തക്ക് ദസോ ഏവിയേഷന്‍ നല്‍കിയെന്നാണ് ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ട് പുറത്ത് വിട്ട റിപ്പോര്‍ട്ട്. കൈക്കൂലി നല്‍കാന്‍ വ്യാജരേഖകള്‍ ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.
തെളിവുകള്‍ ലഭിച്ചിട്ടും ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിബിഐ, ഇഡി എന്നീ അന്വേഷണ ഏജന്‍സികള്‍ക്ക് 2018 ഒക്ടോബറില്‍ തന്നെ തെളിവ് ലഭിച്ചിരുന്നതായി മീഡിയപാര്‍ട്ട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകളും മീഡിയപാര്‍ട്ട് പുറത്തുവിട്ടു.
റഫാല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതി ആരോപണത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ അന്വേഷണം പ്രഖ്യാപിച്ചതായി റമീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫ്രഞ്ച് പ്രൊസിക്യൂഷന്‍ സര്‍വീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് അന്വേഷിക്കുന്നത്. സ്പെഷ്യല്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ ജൂണ്‍ 14 മുതല്‍ അന്വേഷണം ആരംഭിച്ചു. അഴിമതി നടന്നോ എന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണമെന്ന് ദേശീയ ധനകാര്യ പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. ഫ്രഞ്ച് എന്‍ജിഒ ഷെര്‍പയുടെ പരാതിയിലാണ് നടപടി.