ബേബി ഡാം ശക്തിപ്പെടുത്തണം എന്നാവശ്യപ്പെട്ട് കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്; പിന്നില്‍ തമിഴ്‌നാടിന്റെ നീക്കം

ബേബി ഡാം ശക്തിപ്പെടുത്തണം എന്നാവശ്യപ്പെട്ട്  കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്; പിന്നില്‍ തമിഴ്‌നാടിന്റെ നീക്കം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് കത്തയച്ചു. തമിഴ്‌നാടിന്റെ ആവശ്യ പ്രകാരമാണ് കത്തയച്ചിട്ടുള്ളത്. എര്‍ത്ത് ഡാം ശക്തിപ്പെടുത്തണമെന്നും അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണമെന്നും ഇന്നലെ നല്‍കിയ കത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

ബേബി ഡാം ശക്തിപ്പെടുത്താനാണ് അണക്കെട്ടിനോട് ചേര്‍ന്ന മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാട് ആവശ്യപ്പെട്ടത്. സംസ്ഥാനം 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി കൊടുത്തു. പിന്നീട് വിവാദമായതിനെത്തുടര്‍ന്ന് ഉത്തരവ് തല്‍ക്കാലത്തേക്ക് മാറ്റിവച്ചു.

എന്നാല്‍ ഉത്തരവ് മരവിപ്പിച്ചു എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ ഈ വീഴ്ച ബേബി ഡാം ശക്തിപ്പെടുത്തുന്ന വിഷയം നിയമ പോരാട്ടങ്ങള്‍ക്കിടയാക്കുമെന്നാണ് നിയമ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

ഇതിനിടെ, മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് റദ്ദാക്കാനാവുമോ എന്ന് സര്‍ക്കാര്‍ അഡ്വ. ജനറലിനോട് നിയമോപദേശം തേടി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി നിയമോപദേശം ലഭിച്ച ശേഷം മാത്രം മതിയെന്നാണ് തീരുമാനം. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെതിരെ മാത്രം നടപടി എടുത്താല്‍ നിയമപരമായി അത് ചോദ്യം ചെയ്യപ്പെടുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.