ന്യൂഡല്‍ഹി: പൊതു മേഖലാ എണ്ണ വിപണന കമ്പനികള്‍ക്ക് എഥനോള്‍ സംഭരിക്കുന്നതിനുള്ള സംവിധാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. എഥനോളിന്റെ വില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യവും കമ്പനികള്‍ക്കുണ്ടാകും. വില ലിറ്ററിന് 45.69 രൂപയില്‍ നിന്ന് 46.66 രൂപയായി ഉയര്‍ത്തുകയും ചെയ്തു. എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വിപണനം വ്യാപകമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
അതേസമയം ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കരിമ്പുകൃഷി മേഖലയെ സ്വാധീനിക്കുകയാണ് ലക്ഷ്യമെന്നാണ് സൂചന. 2020-21 കാലയളവിലെ കരിമ്പ് വിളവെടുപ്പ് കാലത്തേക്കാണ് അനുമതി. എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വിപണനം വ്യാപകമായാല്‍ രാജ്യത്തെ എണ്ണ ഇറക്കുമതി ബില്ലില്‍ ഗണ്യമായ കുറവുണ്ടാക്കാന്‍ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
എഥനോള്‍ വിതരണ കമ്പനികള്‍ക്ക് വിലസ്ഥിരതയും മത്സരാധിഷ്ഠിത വിലയും നല്‍കാന്‍ നടപടി സഹായിക്കും. കരിമ്പുകൃഷിക്കാരുടെ കുടിശ്ശിക കുറയ്ക്കാനും കഴിയും. 2 ജി എഥനോളിന്റെ വില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യമാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത്.
പുതിയ ജൈവ ഇന്ധന ശുദ്ധീകരണ ശാലകള്‍ സ്ഥാപിക്കാന്‍ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ. ധാന്യ അധിഷ്ഠിത എഥനോള്‍ വില നിലവില്‍ എണ്ണ വിപണനക്കമ്പനികളാണ് തീരുമാനിക്കുന്നത്.