ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ദിവസം ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായി മഴ ഇതേ നിലയില്‍ ഏതാനും ദിവസങ്ങള്‍ കൂടി തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, കാഞ്ചീപുരം, വില്ലുപുരം എന്നിവിടങ്ങളില്‍ ബുധനാഴ്ച ആരംഭിച്ച കനത്ത മഴ ഇപ്പോഴും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. ആറ് വര്‍ഷത്തിന് ശേഷമാണ് ചെന്നൈയും പരിസരപ്രദേശങ്ങളും ഇത്രയും ശക്തമായ മഴയും രൂക്ഷമായ വെള്ളക്കെട്ടും നേരിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെന്നൈയിലെ ദുരൈസാമി സബ്വേ വെള്ളക്കെട്ടിനെ തുടര്‍ന്ന് അടച്ചു. ചെന്നൈയ്ക്കും തിരുവള്ളൂരിനും ഇടയില്‍ ട്രെയിന്‍ സര്‍വീസ് തടസപ്പെട്ടു. പലസ്ഥലങ്ങളിലും വൈദ്യുതി മുടക്കവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ന്യൂനമര്‍ദ്ദം ഇന്ന് വൈകുന്നേരത്തോടെ തമിഴ്നാട് പിന്നിട്ട് ആന്ധ്ര പ്രദേശിന്റെ തെക്കു കിഴക്കന്‍ ഭാഗത്തേക്ക് നീങ്ങുമെങ്കിലും അടുത്ത് നാല് ദിവസം വരെ മഴ തുടര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്. പുതുച്ചേരിയിലും കനത്ത മഴയാണ്.