പട്ടിണി മാറ്റാന്‍ സാമൂഹിക അടുക്കള; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം

പട്ടിണി മാറ്റാന്‍ സാമൂഹിക അടുക്കള; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം

ന്യുഡല്‍ഹി: സാമൂഹിക അടുക്കള സ്ഥാപിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം. രാജ്യത്തെ പട്ടിണി അകറ്റാന്‍ സാമൂഹിക അടുക്കളകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി രംഗത്തെത്തിയത്. കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എന്ത് പദ്ധതിയാണ് ഇതിനായി സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സാമൂഹിക അടുക്കളകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് മൂന്ന് ആഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

അതാത് സാമൂഹിക അടുക്കളകള്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ നല്‍കിയ വിവരങ്ങള്‍ രേഖപ്പെടുത്തുക മാത്രമാണ് കേന്ദ്രം ചെയ്തത്. ആരും പട്ടിണി കിടന്ന് മരിക്കാതിരിക്കാന്‍ ഭരണ ഘടനാപരമായ കടമ ഒരു ക്ഷേമ രാഷ്ട്രത്തിന് ഉണ്ട്. കമ്മ്യൂണിറ്റി കിച്ചണുകളുടെ കാര്യത്തില്‍ നയം രൂപീകരിക്കാനുള്ള അവസാന അവസരമാണിതെന്നും സുപ്രീം കോടതി പറഞ്ഞു.

കേന്ദ്ര ഉപഭോക്തൃകാര്യ ഭക്ഷ്യപൊതു ഭരണ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതെന്നും ബെഞ്ച് നിരീക്ഷിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.