ന്യുഡല്‍ഹി: അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ ഇന്ന് വീണ്ടും ഇന്ത്യ- ചൈന ചര്‍ച്ച നടത്തും. പതിമൂന്ന് വട്ടം ചേര്‍ന്ന കമാന്‍ഡര്‍ തല ചര്‍ച്ചയിലും തീര്‍പ്പാകാത്ത അതിര്‍ത്തി വിഷയമാണ് ഇന്ന് വൈകിട്ട് വീണ്ടും ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യയിലെയും ചൈനയിലെയും നയതന്ത്ര സൈനിക ഉദ്യോഗസ്ഥരുടെ വെര്‍ച്വല്‍ യോഗമാണ് ചേരുന്നത്.
ദോക് ലാം, ഹോട്ട്‌സ് പ്രിംഗ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പിന്മാറ്റമാണ് പ്രധാന ചര്‍ച്ചാ വിഷയം. ഒരു വേള പിന്മാറിയ മേഖലകളിലേക്ക് വീണ്ടും ചൈനീസ് സൈന്യം കടന്നു കയറിയ നടപടിയും യോഗത്തില്‍ ചര്‍ച്ചയാകും. അതിര്‍ത്തി വിഷയം പരിഹാരം കാണാതെ തുടരുന്നതിനിടെ ചൈന കൊണ്ടു വന്ന പുതിയ അതിര്‍ത്തി നിയമത്തില്‍ ഇന്ത്യ നേരത്തെ അതൃപ്തി പ്രകടപ്പിച്ചിരുന്നു. ഈ നിയമത്തിന്റെ മറവില്‍ പല മേഖലകളിലും കടന്നു കയറ്റം നടക്കുന്നവെന്ന ഇന്ത്യയുടെ പരാതിയില്‍ ചൈന മൗനം പാലിക്കുകയാണ്. ഈ വിഷയവും യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും.
ഇതിനിടെ ദോക്ലാമില്‍ ഭൂട്ടാന്റെ ഭാഗത്ത് നൂറ് ചതുരശ്ര കിലോമീറ്ററോളം സ്ഥലം കൈയേറി ചൈന നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയതായുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. കഴിഞ്ഞ വര്‍ഷം നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നു വെന്നാണ് വ്യക്തമാകുന്നത്. 2017ല്‍ ഇന്ത്യ-ചൈന ഏറ്റമുട്ടല്‍ നടന്ന പ്രദേശത്തിന് സമീപം ചൈന നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയിരിക്കുന്നത് സേനാ വിന്യാസത്തിനാകാമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.