ന്യൂനമര്‍ദ്ദം വീണ്ടും കരകയറി; തമിഴ്‌നാട്ടില്‍ കനത്ത മഴ; കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത

ന്യൂനമര്‍ദ്ദം വീണ്ടും കരകയറി; തമിഴ്‌നാട്ടില്‍ കനത്ത മഴ; കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് പുലര്‍ച്ചയോടെ കര തൊട്ടു. പുതുച്ചേരി തീരത്ത് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയതായി റിപ്പോര്‍ട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ന്യൂനമര്‍ദ്ദമാണിത്.

കേരളത്തിലും ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. തുടര്‍ന്ന് തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം എന്നിവയൊഴികെയുള്ള പന്ത്രണ്ട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കി.

തീവ്രന്യൂനമര്‍ദ്ദം ഇന്ന് പുലര്‍ച്ചെ വടക്കന്‍ തമിഴ്‌നാട്, ആന്ധ്ര തീരത്ത് തൊടുമെന്നായിരുന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് ഈ രണ്ട് സംസ്ഥാനങ്ങളിലും കനത്ത ജാഗ്രതയാണ് നിലനിന്നിരുന്നത്. തമിഴ്‌നാട്ടില്‍ പതിനാറ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇനി വരുന്ന മണിക്കൂറില്‍ മഴയുടെ ശക്തി വര്‍ധിക്കുമെന്നാണ് കരുതുന്നത്. തലസ്ഥാനമായ ചെന്നൈയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വീണ്ടും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.