ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി പ്രസ്താവന നടത്തിയെങ്കിലും അതിൽ വിശ്വാസമില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. നിയമങ്ങള്‍ പാര്‍ലമെന്റ് റദ്ദാക്കും വരെ സമരം തുടരുമെന്ന് ടിക്കായത്ത് അറിയിച്ചു.
കുറഞ്ഞ താങ്ങുവില സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയില്‍ വിശ്വാസമില്ലെന്നും വിഷയം സംബന്ധിച്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിനായി കാത്തിരിക്കുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.
പ്രതിഷേധിക്കുന്ന എല്ലാ കര്‍ഷക കൂട്ടായ്മകളും ശനിയാഴ്ച്ച യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ തീരുമാനിക്കും. നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചതോടെ വിജയം ആഘോഷിച്ച സിംഘു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരും നിയമങ്ങള്‍ പാര്‍ലമെന്റ് പിന്‍വലിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചിട്ടുണ്ട്.
തങ്ങളെ നിയമ സംബന്ധമായ രേഖകള്‍ കാണിക്കണമെന്നും എങ്കില്‍ മാത്രമേ കര്‍ഷകര്‍ക്ക് പുതിയൊരു തുടക്കം കുറിക്കാനാകുള്ളൂവെന്നും രാകേഷ് ടിക്കായത്ത് വെളിപ്പെടുത്തി. വിഷയത്തില്‍ കൂടുതല്‍ ചിന്തിക്കാന്‍ നവംബര്‍ ഇരുപത്തിനാല് വരെ പ്രധാനമന്ത്രിയ്ക്ക് സമയം നല്‍കുന്നതായും ടിക്കായത്ത് കൂട്ടിച്ചേര്‍ത്തു.
സമരത്തില്‍ എഴുന്നൂറ്റിയന്‍പതോളം പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും പലരുടെയും പേരില്‍ കേസുകള്‍ നിലനില്‍ക്കുന്നെന്നും ഇത്തരം വിഷയങ്ങളില്‍ ചര്‍ച്ചയിലൂടെ മാത്രമേ പരിഹാരം കണ്ടെത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു.