ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമില്‍ വിള്ളലുകളില്ലെന്ന വാദവുമായി തമിഴ്‌നാട് സുപ്രീം കോടതിയില്‍. ചെറിയ ഭൂചലനങ്ങള്‍ മൂലം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിള്ളല്‍ ഉണ്ടായിട്ടില്ലെന്നും അതിനാല്‍ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ അനുവദിക്കണമെന്നും വ്യക്തമാക്കി് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുതിയ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചു.
മുല്ലപ്പെരിയാര്‍ കേസ് അടുത്തയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് തമിഴ്നാടിന്റെ പുതിയ നീക്കം. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തിയാല്‍ യാതൊരു വിധ സുരക്ഷാ ഭീഷണിയുമില്ലെന്നും തമിഴ്നാട് വാദിക്കുന്നു. അണക്കെട്ടിന്റെ അന്തിമ റൂള്‍ കര്‍വ് തയാറായിട്ടില്ലെന്ന കേരളത്തിന്റെ വാദം തെറ്റാണെന്നും തമിഴ്‌നാട് സത്യവാങ്മൂലത്തില്‍ പറയുന്നു.
മുല്ലപ്പെരിയാറിലെ മരം മുറിയുമായി ബന്ധപ്പെട്ട് തമിഴ്നാട് സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന് മറുപടി നല്‍കാന്‍ സമയം നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസ് പരിഗണിക്കുന്നത് അടുത്തയാഴ്ചയിലേക്ക് മാറ്റിയത്. അതിനിടെയാണ് പുതിയ സത്യവാങ്മൂലം തമിഴ്നാട് സമര്‍പ്പിച്ചത്. ഇതോടെ ഇതിന് കൂടി സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കേണ്ടി വരും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കു നിയന്ത്രിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പു നല്‍കി തമിഴ്‌നാട് കേരളത്തിന് കത്തയച്ചിരുന്നു. എന്നാല്‍ പുതിയ വാദങ്ങളുയര്‍ത്തി സുപ്രീം കോടതിയിലെ കേസ് നീട്ടി കൊണ്ടുപോകാനാണ് തമിഴ്നാട് ശ്രമിക്കുന്നതെന്ന ആക്ഷേപങ്ങളും ഉയരുന്നുണ്ട്.