'അജയ് മിശ്രയെ പുറത്താക്കണം; ഒന്നിച്ച് വേദി പങ്കിടരുത്': പ്രധാന മന്ത്രിക്ക് പ്രിയങ്ക ഗാന്ധിയുടെ തുറന്ന കത്ത്

 'അജയ് മിശ്രയെ പുറത്താക്കണം; ഒന്നിച്ച് വേദി പങ്കിടരുത്': പ്രധാന മന്ത്രിക്ക്  പ്രിയങ്ക ഗാന്ധിയുടെ തുറന്ന കത്ത്

ന്യൂഡല്‍ഹി: യുപിയിലെ ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലയില്‍ ആരോപണ വിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് പ്രധാന മന്ത്രിയോട് പ്രിയങ്ക ഗാന്ധി. ഇതുസംബന്ധിച്ച് പ്രധാന മന്ത്രിക്ക് പ്രിയങ്ക ഗാന്ധി തുറന്ന കത്തെഴുതി. അജയ് മിശ്രയുമായി പ്രധാനമന്ത്രി വേദി പങ്കിടരുത്. ഇത് പ്രധാനമന്ത്രിയുടെ ധാര്‍മികമായ ഉത്തരവാദിത്തമാണ്. നീതി ഉറപ്പുവരുത്തണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

നീതിക്കായുള്ള പോരാട്ടത്തെ ബിജെപി അട്ടിമറിക്കുകയാണ്. ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഗൂഡാലോന നടത്തിയത് കേന്ദ്രമന്ത്രി അജയ് മിശ്രയാണെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പടെ പത്തിലധികം പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം കേസിന്റെ അന്വേഷണ മേല്‍നോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയമിച്ച് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി രാകേഷ് കുമാര്‍ ജയിനിനെയാണ് അന്വേഷണ മേല്‍നോട്ടത്തിന് സുപ്രീംകോടതി നിയമിച്ചത്. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനായിരുന്നു ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയത്. പ്രകടനവുമായി നീങ്ങിയ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനമിടിച്ച് കയറ്റുകയായിരുന്നു. നാല് കര്‍ഷകര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കര്‍ഷകര്‍ക്കൊപ്പം ഒരു മാധ്യമ പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. പിന്നീടുണ്ടായ സംഘത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.