ന്യുഡല്‍ഹി: വിവാദ കാര്‍ഷിക നിയമം പിന്‍വലിച്ച ശേഷമുള്ള സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിര്‍ണായക യോഗം ഇന്ന് ചേരും. ഭാവി സമര പരിപാടികള്‍ രൂപീകരിക്കാനായി ഉച്ചയ്ക്ക് ഒരു മണിക്ക് സിംഗു അതിര്‍ത്തിയിലാണ് യോഗം ചേരുന്നത്. കര്‍ഷക സമരങ്ങളിലെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിന്റെ ആത്മവിശ്വാസത്തിലാകും തുടര്‍ നീക്കം.
കര്‍ഷക സമരത്തിനിടെ രക്തസാക്ഷികളായവര്‍ക്കും പരുക്കേറ്റവര്‍ക്കും നീതി ലഭിക്കണം, മിനിമം താങ്ങു വിലയില്‍ നിയമപരമായ ഉറപ്പ്, വൈദ്യുതി ബില്‍, ലേബര്‍ കോര്‍ട്ട് ബില്‍ പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സമരം തുടരാനാണ് കര്‍ഷക സംഘടനകള്‍ക്ക് ഇടയിലെ ധാരണ.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും തുടര്‍ സമര രീതികളും യോഗത്തില്‍ ചര്‍ച്ചയാകും. ഇന്നലെ കര്‍ഷക സംഘടനകളുടെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് ഡല്‍ഹി അതിര്‍ത്തിയില്‍ നടത്തി വരുന്ന സമരം തുടരുമെന്ന് അറിയിച്ചിരുന്നു.
മുന്‍ നിശ്ചയിച്ചത് പ്രകാരം ലഖ്നൗവില്‍ മഹാപഞ്ചായത്തും നവംബര്‍ 29ന് പാര്‍ലമെന്റിലേക്ക് നിശ്ചയിച്ചിരിക്കുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിയും മറ്റ് പ്രതിഷേധ റാലികളും തുടരുന്ന കാര്യത്തില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ് നല്‍കുക എന്നതാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. കൂടാതെ, സമരത്തിനിടെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടും.